വെള്ളിയാഴ്ച കൂടി അവധി നൽകി ദുബൈ
text_fieldsദുബൈ: വേനൽക്കാലങ്ങളിൽ ദുബൈയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയം ഏഴ് മണിക്കൂറായി കുറക്കുന്നതിനുള്ള പൈലറ്റ് സംരംഭം പ്രഖ്യാപിച്ച് അധികൃതർ. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചകളിൽ പൂർണമായും അവധി നൽകുന്നത് സംബന്ധിച്ചും ആലോചനയുണ്ട്.
ഈ മാസം 12 മുതൽ സെപ്റ്റംബർ 30 വരെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുമെന്നാണ് ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റ് (ഡി.ജി.എച്ച്.ആർ) ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ‘അവർ ഫ്ലക്സിബ്ൾ സമ്മർ’ എന്ന് പേരിട്ടിരിക്കുന്ന സംരംഭം ആദ്യ ഘട്ടത്തിൽ 15 സർക്കാർ സ്ഥാപനങ്ങളിൽ നടപ്പിലാക്കും.
നിലവിൽ എമിറേറ്റിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും വെള്ളിയാഴ്ച പകുതി ദിവസവും അവധിയാണ്. പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിലൂടെ വരുന്ന ഏഴ് ആഴ്ചകളിൽ വാരാന്ത്യങ്ങളിൽ മൂന്നു ദിവസം ജീവനക്കാർക്ക് അവധി ലഭിക്കും.
എന്നാൽ, പദ്ധതിയിൽ ഉൾപ്പെടുന്ന സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഡി.ജി.എച്ച്.ആർ പുറത്തുവിട്ടിട്ടില്ല. എങ്കിലും വേനൽക്കാലത്ത് ജോലിസ്ഥലത്ത് സുരക്ഷിതത്വം നൽകുകയും മികച്ച തൊഴിൽ-ജീവിത ബാലൻസ് ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
വേനൽക്കാലത്ത് ജോലി സമയം കുറക്കാൻ സന്നദ്ധതയുള്ള സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് ഡി.ജി.എച്ച്.ആർ നേരത്തെ സർവേ നടത്തിയിരുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ഊർജ ഉപഭോഗം കുറക്കുന്നതിനും പുതിയ സംരംഭം സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ജീവനക്കാർക്കിടയിലും അതോടൊപ്പം ആകെയുള്ള ഉൽപാദനക്ഷമതയിലും പുതിയ സംരംഭം ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് അധികൃതർ വിലയിരുത്തൽ നടത്തും. നേരത്തെ യു.എ.ഇയിലും ലോകമെമ്പാടുമുള്ള പഠനങ്ങളിലും കുറഞ്ഞ ജോലി സമയം ഉൽപാദനക്ഷമത വർധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു.
നിലവിൽ ഷാർജയിൽ മാത്രമാണ് മൂന്നു ദിവസത്തെ അവധിയുള്ളത്. ഇവിടെ 88 ശതമാനം ഉൽപാദനക്ഷമത വർധിച്ചുവെന്നാണ് റിപ്പോർട്ട്. അതോടൊപ്പം തൊഴിൽ സംതൃപ്തി 90 ശതമാനം ഉയരുകയും ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് 94 ശതമാനം വർധിക്കുകയും ചെയ്തിരുന്നു. എമിറേറ്റിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതിയുടെ ഫീഡ് ബാക്ക് ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യും.
ദുബൈയുടെ മത്സരക്ഷമത ഉയർത്തുന്നതിന് നൂതനമായ ആശയങ്ങളും സ്മാർട്ട് സൊല്യൂഷനുകളും വികസിപ്പിക്കുന്നതുവഴി മനുഷ്യ വിഭവങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്നതാണ് പുതിയ സംരംഭമെന്ന് ഡി.ജി.എച്ച്.ആർ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.