പരിപാടികളുടെ ടിക്കറ്റ് ഫീസ് ഒഴിവാക്കി ദുബൈ
text_fieldsദുബൈ: പരിപാടികളുടെ ടിക്കറ്റ് നിരക്കിന് ആനുപാതികമായി ഈടാക്കുന്ന പ്രത്യേക ഫീസ് ഒഴിവാക്കി ദുബൈ സർക്കാർ. എമിറേറ്റിൽ പരിപാടികൾ ഒരുക്കുന്ന സംഘാടകരുടെ ലാഭം വർധിപ്പിക്കുന്നത് ലക്ഷ്യംവെച്ചാണ് സുപ്രധാന നടപടി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത് സംബന്ധിച്ച നിയമത്തിൽ ഇളവ് വരുത്തി ഉത്തരവിറക്കിയത്.
ഇതോടെ കൂടുതൽ അന്താരാഷ്ട്ര, പ്രദേശിക ഇവന്‍റുകൾക്ക് ദുബൈ വേദിയാകുന്നതിന് സാഹചര്യമൊരുങ്ങുമെന്ന് കണക്കാക്കപ്പെടുന്നു. വിൽപന നടന്ന ടിക്കറ്റിന്‍റെ യഥാർഥത്തിലോ, ഏകദേശമോ വരുന്ന മൂല്യം കണക്കാക്കി, 10 ശതമാനം അല്ലെങ്കിൽ ഒരു അതിഥിക്ക് 10 ദിർഹം എന്ന നിലയിലാണ് സാമ്പത്തിക, ടൂറിസം വകുപ്പ് ഫീസ് ഈടാക്കിയിരുന്നത്. ഇതാണ് ഒഴിവാക്കിയത്.
അതേസമയം, ഇ-പെർമിറ്റ്, ഇ-ടിക്കറ്റിങ് സംവിധാനങ്ങൾക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷനായി നിരക്ക് ഈടാക്കുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ നിയമഭേദഗതി വന്നതോടെ പല പരിപാടികളുടെയും ടിക്കറ്റ് നിരക്കിൽ കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി എമിറേറ്റിന്‍റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ദുബൈ സാമ്പത്തിക അജണ്ട-ഡി33യുടെ ഭാഗമായാണ് പുതിയ മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.