ദുബൈ ഹെൽത്ത് അതോറിറ്റി 13ാമത് മെഡിക്കൽ ഫിറ്റ്നസ് സെൻറർ തുറന്നു
text_fieldsദുബൈ: ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബൈ അൽ നഹ്ദയിൽ പുതിയ മെഡിക്കൽ ഫിറ്റ്നസ്, ഒക്യുപേഷനൽ സ്ക്രീനിങ് സെൻറർ തുറന്നു. രണ്ട് നിലകളുള്ള കേന്ദ്രത്തിൽ സ്മാർട്ട് സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന എക്സ്റേ സെൻറർ, ബ്ലഡ് സാമ്പിൾ കലക്ഷൻ റൂമുകൾ, മെഡിക്കൽ കൺസൽട്ടേഷൻ റൂമുകൾ എന്നിവയാണ് ഉൾപ്പെടുത്തിയത്. പരിചയസമ്പന്നരായ മെഡിക്കൽ ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് കൈകാര്യം ചെയ്യുന്ന അത്യാധുനിക ഉപകരണങ്ങളും കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഹെമറ്റോളജി, കെമിക്കൽ അനാലിസിസ്, മൈക്രോബയോളജി എന്നീ വിഭാഗങ്ങളുടെ അത്യാധുനിക ലാബുകളും ഈ കേന്ദ്രത്തിലുണ്ട്. കൂടാതെ വി.ഐ.പി മെഡിക്കൽ ഫിറ്റ്നസ് സേവനങ്ങളും ഒക്യുപേഷനൽ സ്ക്രീനിങ് സംവിധാനങ്ങളുമുണ്ട്. പ്രതിദിനം 250 പേർക്ക് ഫിറ്റ്നസ് സേവനങ്ങൾ നൽകാൻ കഴിയും.
13ാമത് മെഡിക്കൽ ഫിറ്റ്നസ്, സ്ക്രീനിങ് സെൻററാണ് അൽ നഹ്ദയിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നതെന്ന് കേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിച്ച് ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുത്താമി പറഞ്ഞു. സമഗ്രവികസന പ്രവർത്തനങ്ങളിലും എമിറേറ്റ് ലക്ഷ്യംവെക്കുന്ന നിരന്തരമായ മാറ്റങ്ങളിലും സജീവപങ്കാളിയാണ് ഡി.എച്ച്.എ. ഇപ്പോൾ നടക്കുന്ന വികസനം സമൂഹത്തിെൻറയും വ്യക്തികളുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ആധുനികവും വികസിതവുമായ മെഡിക്കൽ സൗകര്യങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആധുനികവും നൂതനവുമായ സൗകര്യങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ആരോഗ്യം, സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ ഡി.എച്ച്.എ ശ്രദ്ധാപൂർവം പ്രവർത്തിക്കുന്നുണ്ടെന്നും അൽ ഖത്താമി കൂട്ടിച്ചേർത്തു.ദുബൈ ഹെൽത്ത് കെയർ കോഓപറേഷൻ സി.ഇ.ഒ ഡോ. യൂനിസ് കാസിം, ഡി.എച്ച്.എ ജോയൻറ് കോർപറേറ്റ് സപ്പോർട്ട് സർവിസസ് സി.ഇ.ഒ അഹമ്മദ് അൽ നുവൈമി, എൻജിനീയറിങ് -മെഡിക്കൽ എക്യുപ്‌മെൻറ് വിഭാഗം ഡയറക്ടർ എൻജിനീയർ അലി അൽ മൻസൂരി എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.