ആശ്വാസം എന്തെന്നറിയണോ, അവീറിലേക്ക് വരിക
text_fieldsദുബൈ: ആശ്വാസം, ആനന്ദ നിർവൃതി തുടങ്ങി നമ്മൾ വായിക്കുന്ന വാക്കുകളുടെ ആൾരൂപങ്ങളെ കാണണോ, ദുബൈ അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലേക്ക് വരണം. നിർബന്ധിത സാഹചര്യങ്ങളുടെ പേരിൽ വർഷങ്ങളായി കുറ്റവാളികളെപ്പോലെ ഒളിച്ചും പാത്തും കഴിയേണ്ടി വന്ന നൂറുകണക്കിന് മനുഷ്യരെക്കാണാം. സ്ത്രീകളും പുരുഷൻമാരും നക്ഷത്രക്കണ്ണുകളുള്ള കുഞ്ഞുങ്ങളും. അവർ സ്വാതന്ത്ര്യത്തിെൻറ ശുദ്ധവായു ആവോളം ആസ്വദിക്കുന്നത് നമ്മെ ഒാരോരുത്തരെയും ആനന്ദിപ്പിക്കും. കത്തിയാളുന്ന വെയിലിലും ആ മനുഷ്യരുടെ മനസിൽ സന്തോഷത്തിെൻറ മഞ്ഞു പെയ്യുകയായിരുന്നു. ഇനിമേൽ തങ്ങൾ അനധികൃത താമസക്കാരല്ല, തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് ഇനി തടസമില്ല, നാട്ടിലെ ഉറ്റവരെ കാണാൻ ഇനി കാത്തിരിക്കേണ്ടതില്ല.
യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച മൂന്നു മാസം നീളുന്ന പൊതുമാപ്പ് പദ്ധതിയുടെ ആദ്യ ദിവസം തന്നെ രേഖകൾ കൃത്യമാക്കാനായി ഇത്രയധികം ആളുകൾ ഒഴുകിയെത്തിയതിൽ നിന്ന് അവരിത് എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തം. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകൾ നിയമവിധേയമാക്കി നാട്ടിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തു തന്നെ തുടരാനും അവസരമൊരുക്കുന്നതാണ് പൊതുമാപ്പ് പദ്ധതി.
താമസം നിയമവിധേയമാക്കുന്നവരുടെ വിസഫീസ് കുടിശ്ശിക പൂർണമായും എഴുതിത്തള്ളും. ജോലി ആഗ്രഹിക്കുന്നവർക്ക് അതിനും സൗകര്യമൊരുക്കും.
ആരെയും വഞ്ചിക്കാനല്ല ഞങ്ങളിവിടെ നിയമവിരുദ്ധമായി തങ്ങിയത്, പൊടുന്നനെ ഒരുനാൾ ജോലി നഷ്ടപ്പെടുേമ്പാൾ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് ആരും കരുതില്ല. എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. അതിനിടെ വിസ കാലാവധി കഴിഞ്ഞു. പുതിയ ജോലി തേടി നടക്കുന്നതിനിടെ കിട്ടുന്ന ചില്ലറ നോട്ടുകൾ കൊണ്ട് കുടുംബത്തിെൻറ പട്ടിണി തീർത്തു. പിഴ കുടിശ്ശികയായി കുന്നുകയറി. എന്നെങ്കിലും നല്ല ഒരു േജാലി ലഭിക്കുന്നതോടെ കഷ്ടതകളെല്ലാം തീരുമെന്നും പിഴകൾ അടച്ച് നാട്ടിലേക്ക് മടങ്ങണമെന്നും കരുതിയിരുന്നു. അതിനിടയിലാണ് അക്ഷരാർഥത്തിൽ അനുഗ്രഹമായി പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോൾ ഞങ്ങളുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചിരിക്കുന്നു^ താമസം നിയമവിധേയമായതിലെ അടക്കാനാവാത്ത സന്തോഷവും ആശ്വാസവും പരസ്യപ്പെടുത്തി ഒരു ഫിലിപ്പിനോ യുവാവ് പറഞ്ഞു.
സ്പോൺസർ മുങ്ങിയതിനാൽ ജോലിയും പാസ്പോർട്ടും നഷ്ടപ്പെട്ട് അനധികൃതമായി തങ്ങേണ്ടി വന്ന അഫ്ഗാൻ സ്വദേശിക്കും ഇനി തല ഉയർത്തി നടക്കാം. ഉമ്മക്ക് സുഖമില്ലെന്ന് നാട്ടിൽ നിന്നറിഞ്ഞിട്ടും പോകാൻ കഴിയാത്ത നിസ്സഹായാവസ്ഥയായിരുന്നു. പൊതുമാപ്പിലൂടെ ഒൗട്ട്പാസ് ലഭിക്കുന്നതോടെ അദ്ദേഹം നാട്ടിലേക്ക് പോകും. ഉമ്മയുടെ അരികിലിരുന്ന് ശുശ്രൂഷിക്കും.
മകളുമായി പൊതുമാപ്പ് കേന്ദ്രത്തിലേക്ക് കടന്നു വന്ന ഒരാൾ അവിടെ കാത്തു നിന്ന മാധ്യമസംഘത്തോട് അപേക്ഷിച്ചു^ ഞങ്ങളെ ഒഴിവാക്കണം. പ്രക്രിയകൾ പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം ആവേശപൂർവം പറഞ്ഞു^ഇനി ഞങ്ങളെ പകർത്തിക്കൊള്ളുക, വരാൻ മടിച്ചു നിൽക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ അവരും ഇവിടെയെത്തി രേഖകളും താമസവും നിയമവിധേയമാക്കെട്ട. രാജ്യത്തിെൻറ നായകർക്കും പൊതുമാപ്പ് പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനെത്തിയ ഇമിഗ്രേഷൻ ഉന്നത ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞാണ് മിക്ക അപേക്ഷകരും ആംനെസ്റ്റി ടെൻറ് വിട്ടിറങ്ങിയത്.
ആശ്വാസത്തിെൻറയും ആനന്ദത്തിെൻറയും മാത്രമല്ല, ആത്മാർഥതയുടെ ആൾരൂപങ്ങളെ കാണാനും ഇവിടെ വരിക. ഒാരോ അപേക്ഷകരോടും അതീവ മനുഷ്യത്വത്തോടെ, ആദരവോടെ ഇടപഴകി രേഖകൾ ശരിയാക്കി നൽകുന്ന ഒാരോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും രാജ്യങ്ങളുടെ കോൺസുലേറ്റ് അധികൃതരും വിവിധ സാമുഹിക സംഘടനകളുടെ ഹെൽപ് ഡെസ്ക് പ്രവർത്തകരും സഹിഷ്ണുതയുടെ ഇൗ മഹാ ദൗത്യത്തിെൻറ പതാകവാഹകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.