ജീവനക്കാർക്ക് പരിശീലന പരിപാടിയുമായി ദുബൈ ഇമിഗ്രേഷൻ
text_fieldsദുബൈ: ദുബൈയിലെ ഇമിഗ്രേഷൻ ജീവനക്കാർക്ക് മാറ്റങ്ങളോടൊപ്പം പുതിയ വെല്ലുവിളികളുമായി പൊരുത്തപ്പെടാൻ ദുബൈ ഇമിഗ്രേഷൻ വിഭാഗം ‘റെപ്യൂട്ടേഷൻ അംബാസഡേഴ്സ് പ്രോഗ്രാം’ എന്ന പേരിൽ പരിശീലന പരിപാടി ആരംഭിച്ചു.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന ദുബൈയിലെ പ്രമുഖ സർക്കാർ സ്ഥാപനമെന്ന നിലയിൽ, ഡിപ്പാർട്മെന്റിന്റെ പ്രശസ്തി വർധിപ്പിക്കാൻ ലക്ഷ്യംവെച്ചുള്ള പരിപാടിയിൽ വിവിധ പരിശീലന സെഷനുകൾ, വർക്ക്ഷോപ്പുകൾ, മിനി ഇവന്റുകൾ എന്നിവ ഉൾപ്പെടും.
സ്ഥാപനത്തിന്റെ തൊഴിൽപരമായ മൂല്യങ്ങൾ ഉയർത്തുക, തൊഴിൽ അന്തരീക്ഷത്തിലെ സാങ്കേതിക മികവ് സ്വായത്തമാക്കുക, ഫലപ്രദമായ ആശയവിനിമയ നയങ്ങൾ ഉൾക്കൊള്ളുക തുടങ്ങിയവയിൽ സമഗ്രമായ പരിശീലനമാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.
കോർപറേറ്റ് മൂല്യങ്ങളോടുള്ള പ്രതിബദ്ധത വർധിപ്പിക്കാനും ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉയർന്ന സേവന വിതരണ നിലവാരം ഉയർത്തിപ്പിടിക്കാനും ‘റെപ്യൂട്ടേഷൻ അംബാസഡേഴ്സ്’ പ്രോഗ്രാമിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ജീവനക്കാരുടെ ആശയവിനിമയ കഴിവുകൾ വികസിപ്പിക്കുക, ടീം വർക്ക് പ്രോത്സാഹിപ്പിക്കുക, മികച്ച തൊഴിൽ അന്തരീക്ഷം വളർത്തുക, വകുപ്പിന്റെ പ്രശസ്തി വർധിപ്പിക്കാൻ മുൻപന്തിയിൽ നിൽക്കുന്നവരായി ജീവനക്കാരെ മാറ്റുക എന്നിവയിലും പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അതോടൊപ്പം ജീവനക്കാരിൽ വികസനത്തിന്റെ സംസ്കാരം വളർത്തിയെടുക്കാൻ പ്രോഗ്രാമിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബൈ ഇമിഗ്രേഷൻ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.