മൃതദേഹം നാട്ടിലെത്തിക്കൽ; പുതിയ നിബന്ധനയുമായി ഇന്ത്യൻ കോൺസുലേറ്റ്
text_fieldsദുബൈ: ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തീകരിക്കാൻ പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. ദുബൈയിലോ വടക്കൻ എമിറേറ്റുകളിലോ മരണപ്പെടുന്ന വ്യക്തിയുമായി രക്തബന്ധമുള്ളവർക്കോ ബന്ധുക്കൾ അധികാരപ്പെടുത്തിയവർക്കോ മാത്രമേ ഇനിമുതൽ രേഖകൾ സാക്ഷ്യപ്പെടുത്താനും റദ്ദാക്കാനും അവകാശമുണ്ടാവൂ. കൂടാതെ മൃതദേഹം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കോൺസുലേറ്റിൽനിന്ന് ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫിസ് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളിൽനിന്നുള്ള അനുമതി പത്രവും ആവശ്യമാണ്.
പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ വ്യാപകമായി ചൂഷണത്തിന് വിധേയമാകുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ കർശനമാക്കിയതെന്ന് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വാർത്താകുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കി. കോൺസുലേറ്റ് അംഗീകരിച്ച നിരക്കിനെക്കാൾ അധിക നിരക്ക് ബന്ധുക്കളിൽനിന്ന് ഈടാക്കുന്നതായി പരാതി വ്യാപകമാണ്.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാനായി ഏഴ് എമിറേറ്റുകളിലും കമ്യൂണിറ്റി അസോസിയേഷനുകളുടെ ഒരു പാനലിന് കോൺസുലേറ്റ് രൂപം നൽകിയിട്ടുണ്ട്. സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുടർ നടപടികൾക്ക് ഇവർ സഹായിക്കും.
മാർഗനിർദേശങ്ങൾക്കും മറ്റു സൗകര്യങ്ങൾക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഇവരുമായി ബന്ധപ്പെടാം. മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് നടപടികൾ പൂർത്തീകരിക്കാൻ എല്ലാവിധ സൗകര്യങ്ങളും നൽകുമെന്നും കോൺസുലേറ്റ് അറിയിച്ചു. എന്നാൽ, ബന്ധുക്കൾ അധികാരപ്പെടുത്തിയവരെ മാത്രമേ മൃതദേഹവുമായി ബന്ധപ്പെട്ട രേഖകൾ റദ്ദുചെയ്യാനും ബന്ധുക്കളെ സഹായിക്കാനും അനുവദിക്കൂ. മറ്റുള്ളവരെ ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ല. മൃതദേഹവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ താൽപര്യമുള്ള നിയമസ്ഥാപനങ്ങളിൽനിന്നും അഭിഭാഷകരിൽനിന്നും കോൺസുലേറ്റ് പ്രത്യേക നിർദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങൾ www.cgidubai.gov.inൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അമരേഷ് കുമാർ, വൈസ് കോൺസുൽ (കോൺസുൽ ആൻഡ് പി.ബി.എസ്.കെ) എന്ന പേരിൽ സീൽ ചെയ്ത കവറിൽ അയക്കണം. കവറിന് പുറത്ത് പ്രപ്പോസൽ ഫോർ ഇപ്ലിമെന്റ് ഓഫ് ലോ ഫേം എന്ന് രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 13ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.