ദുബൈ ഇന്റർസിറ്റി-സിറ്റി ബസ് സർവിസുകൾ വിപുലീകരിക്കുന്നു
text_fieldsദുബൈ: ദുബൈ നഗരത്തിലെ സിറ്റി ബസ് ശൃംഖലയും ഇന്റര്‍സിറ്റി ബസ് സര്‍വിസും വിപുലീകരിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ). മെട്രോ, ട്രാം, ജല ഗതാഗതം എന്നിവയുമായി പൊതു ബസുകള്‍ കൂടുതല്‍ സംയോജിപ്പിക്കണമെന്ന യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് നടപടി.
തങ്ങളോടു സംസാരിക്കൂ എന്ന ആര്.ടി.എയുടെ വെര്‍ച്വല്‍ പരിപാടിയിലാണ് യാത്രികര്‍ ഇത്തരമൊരു നിർദേശവും ആശയവും മുന്നോട്ടുവെച്ചത്. ദുബൈയിൽ വിവിധ മേഖലകളുമായി യു.എ.ഇയിലെ മറ്റ് എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്ന ബസ് സര്‍വിസുകള്‍ വേണമെന്ന് നിരവധി പേരാണ് ആവശ്യമുന്നയിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 8.92 കോടി യാത്രികരാണ് ദുബൈയിലെ പൊതുഗതാഗത ബസുകളില്‍ യാത്രചെയ്തത്.
2024ലെ ആദ്യപകുതിയില്‍ പൊതുഗതാഗത സംവിധാനത്തിലെ മൊത്തം യാത്രികരുടെ 24.5 ശതമാനമാണിതെന്ന് ആര്.ടി.എ വ്യക്തമാക്കി. ബസ് സര്‍വിസ് വിപുലീകരിക്കുന്നത് ദുബൈയിലെ പ്രധാന റോഡുകളിലെ തിരക്ക് 30 ശതമാനം വരെ കുറക്കാന്‍ സഹായിക്കുമെന്ന് ഈ നിര്‍ദേശം മുന്നോട്ടുവെച്ചവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാസത്തില്‍ നാലോ അഞ്ചോ ദിവസം വീടുകളിലിരുന്നുള്ള ജോലി ചെയ്യാന്‍ അനുവദിക്കുന്ന രീതി അലവംബിച്ചാല് ദുബൈയിലെ രാവിലെയുള്ള ഗതാഗതത്തിരക്കില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് രണ്ട് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
ചരക്ക് വാഹന നീക്ക നിയന്ത്രണം കൂട്ടുക, ബസുകള്‍ക്കും ടാക്സികള്‍ക്കുമുള്ള ലൈനുകള്‍ വര്‍ധിപ്പിക്കുക, താമസക്കാരെയും സന്ദര്‍ശകരെയും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.