നിർമിതബുദ്ധി സാങ്കേതികത യു.എ.ഇ നേതൃത്വത്തിൽ -മന്ത്രി
text_fieldsദുബൈ: നിർമിതബുദ്ധി അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്നതായി യു.എ.ഇ നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി വകുപ്പ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ. ദുബൈയിൽ സംഘടിപ്പിച്ച ദുബൈ ഇന്റർനാഷനൽ പ്രോജക്ട് മാനേജ്മെന്റ് ഫോറം (ഡി.ഐ.പി.എം.എഫ്) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂദബിയിലും ദുബൈയിലും താമസിക്കുന്നവരുടെ സാന്ദ്രതക്കനുസരിച്ച് പുതിയ സാങ്കേതികവിദ്യകളുടെ സ്വീകാര്യതയും ഉപയോഗവും വിപുലീകരിക്കാനായെന്നും സാങ്കേതികവിദ്യകൾക്ക് എങ്ങനെ ദൈനംദിന ജീവിതത്തെയും ഭാവിയെയും രൂപപ്പെടുത്താൻ കഴിയുമെന്ന് തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ജുമൈറയിൽ നടക്കുന്ന ഫോറം വ്യാഴാഴ്ച സമാപിക്കും.
ഫോറത്തിൽ നടന്ന ‘വ്യവസായവും നൂതനത്വവും’ എന്ന തലക്കെട്ടിലെ സെഷനിൽ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, നവീകരണം, സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച ചർച്ചകൾ നടന്നു. മാധ്യമപ്രവർത്തകൻ റിച്ചാർഡ് ഡീൻ മേഡറേറ്ററായ സെഷനിൽ ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ സി.ഇ.ഒ ഖൽഫാൻ ബെൽഹൂൽ, അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് അസി. മന്ത്രി ഉംറാൻ ശറഫ് തുടങ്ങിയ പ്രമുഖരും സംവദിച്ചു.
മന്ത്രി ഉംറാൻ ശറഫ് യു.എ.ഇയുടെ ചൊവ്വ ദൗത്യമായ ‘ഹോപ് പ്രോബ്’ സംബന്ധിച്ച് വിശദീകരിച്ചു.ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഡി.ഐ.പി.എം.എഫ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.