ദുബൈ ഇൻറർനാഷനൽ സ്പോർട്സ് കോൺഫറൻസ് ഇന്ന്: ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ താരനിര പങ്കാളികളാവും
text_fieldsദുബൈ: ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ദുബൈ ഇൻറർനാഷനൽ സ്പോർട്സ് കോൺഫറൻസ് ഞായറാഴ്ച നടക്കും. കോൺഫറൻസിൽ ഫുട്ബാൾ താരങ്ങളുടെ നിര തന്നെയാണ് പങ്കാളികളാവുന്നത്. പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, റയൽ മഡ്രിഡ് ഗോൾകീപ്പിങ് ഇതിഹാസം ഇക്കർ കാസിലസ്, ബയേൺ മ്യൂണിച്ച് ഹിറ്റ്മാൻ റോബർട്ട് ലെവാൻഡോവ്സ്കി എന്നിവർക്കൊപ്പം ഫിഫ പ്രസിഡൻറ് ഗിയാനി ഇൻഫാൻറിനോയും 'ഫുട്ബാൾ അറ്റ് ദി ടോപ്' എന്ന വിഷയത്തിൽ സംസാരിക്കും.
മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദുബൈ ഇൻറർനാഷനൽ സ്പോർട്സ് കോൺഫറൻസ് വൈകീട്ട് അഞ്ചുമുതൽ ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിലാണ് നടക്കുന്നത്.രാജ്യത്തെയും മേഖലയിലെയും ലോകത്തെയും ഫുട്ബാൾ വികസനത്തിനുള്ള ആഗോള വേദിയായി കൗൺസിൽ വർഷം തോറും സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ സംസാരിക്കാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിെൻറ പ്രത്യേക ക്ഷണമനുസരിച്ചാണ് ഫിഫ പ്രസിഡൻറ് എത്തുന്നത്. ഫിഫയും ദുബൈ സ്പോർട്സ് കൗൺസിലും തമ്മിലുള്ള അടുത്ത ബന്ധത്തിെൻറ സ്ഥിരീകരണമാണ് ഇൻഫാൻറിനോ ക്ഷണം സ്വീകരിച്ചതിലൂടെ വ്യക്തമാകുന്നത്. കോൺഫറൻസിനെയും ലോക ഫുട്ബാളിെൻറ വികസനത്തിൽ അത് വഹിക്കുന്ന പങ്കിനെയും പറ്റി ഇൻഫാൻറിനോക്കുള്ള മതിപ്പും സൂചിപ്പിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കായിക സംഘടനയായ ഫിഫയുടെ അമരക്കാരെൻറ സാന്നിധ്യം.
ഇൻഫാൻറിനോയുടെ മുഖ്യ പ്രഭാഷണത്തിനുശേഷം, റൊണാൾഡോ, കാസിലസ്, ലെവാൻഡോവ്സ്കി എന്നീ മൂന്ന് താരങ്ങൾ അവരുടെ തിളക്കമാർന്ന കരിയറിൽ അവർ നടത്തിയ യാത്രകളെക്കുറിച്ച് സംസാരിക്കും. ലെവാൻഡോവ്സ്കിയും കാസിലസും കോൺഫറൻസിൽ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്, എന്നാൽ, റൊണാൾഡോ സ്ഥിരം പങ്കാളിയാണ്.
ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കോൺഫറൻസിൽ ആഭ്യന്തര, പ്രാദേശിക, അന്തർദേശീയ തലത്തിൽ കായികരംഗത്തെ വികസിപ്പിക്കാനും സമ്പന്നമാക്കാനുമുള്ള വഴികളെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾക്കായി 2006 മുതലാണ് ഫുട്ബാളിലെ മുൻനിര പങ്കാളികളെ ഒരുമിച്ചിരുത്തിയുള്ള സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.