രാജ്യത്ത് ആദ്യ വെർട്ടിപോർട്ടിന്റെ രൂപരേഖക്ക് അംഗീകാരം
text_fieldsദുബൈ: എമിറേറ്റിൽ പറക്കും ടാക്സികൾക്കായി നിർമിക്കുന്ന ആദ്യ വെർട്ടിപോർട്ടിന്റെ രൂപരേഖക്ക് അംഗീകാരം. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് (ജി.സി.എ.എ) സാങ്കേതിക രൂപരേഖക്ക് അംഗീകാരം നൽകിയതായി വെളിപ്പെടുത്തിയത്.
രാജ്യത്തെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ആദ്യമായാണ് ഒരു വെർട്ടിപോർട്ടിന്റെ രൂപരേഖക്ക് അംഗീകാരം നൽകുന്നത്. യു.എ.ഇയിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള വെർട്ടിപോർട്ട് ദുബൈ ഇന്റർനാഷനൽ വെർട്ടിപോർട്ട് (ഡി.എക്സ്.വി) എന്നാണറിയപ്പെടുക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡി.എക്സ്.ബി) സമീപമാണ് ഡി.എക്സ്.വിയുടെ സ്ഥാനം. 2026ൽ പ്രവർത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പറക്കും ടാക്സികളുടെ ടേക്ക് ഓഫ്, ലാൻഡിങ്, സർവിസ് എന്നിവക്കാണിത് ഉപയോഗിക്കുക.
ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ജോബി ഏവിയേഷനുമായി സഹകരിച്ച് സ്കൈപോർട്സ് വികസിപ്പിക്കുന്ന എയർടാക്സി അടിസ്ഥാന സൗകര്യങ്ങളിലെ നാല് സൈറ്റുകളിൽ ആദ്യത്തേതാണ് ഡി.എക്സ്.വി. 3100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വെർട്ടിപോർട്ടിൽ പ്രതിവർഷം 42,000 ലാൻഡിങ്ങുകളും 1,70,000 യാത്രക്കാരെയും കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും.
ആദ്യ എയർ ടാക്സി സ്റ്റേഷന്റെ പ്രവർത്തനം 2026 ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ദുബൈ ഇൻറർനാഷനൽ എയർപോർട്ട്, ഡൗൺടൗൺ, ദുബൈ മറീന, പാം ജുമൈറ എന്നിവയുൾപ്പെടെ ദുബൈയിലെ തന്ത്രപ്രധാനമായ നാല് ലാൻഡിങ് സൈറ്റുകളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. സേവനം നടപ്പാക്കുന്നതിന് ജോബി ഏവിയേഷൻ ആർ.ടി.എയുമായി കഴിഞ്ഞ വർഷാദ്യത്തിൽ കരാർ ഒപ്പിട്ടിരുന്നു. മണിക്കൂറിൽ 200 മൈൽ വരെ വേഗത്തിൽ ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും വഹിക്കാൻ കഴിയുന്നതാണ് കമ്പനിയുടെ എയർ ടാക്സികൾ.
കാറിൽ 45 മിനിറ്റ് യാത്ര ചെയ്യുന്ന ദൂരം 10 മിനിറ്റിൽ പറക്കും ടാക്സിയിൽ എത്തിച്ചേരാനാകും. മണിക്കൂറിൽ 321കി.മീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാനുമാവും. 2027ഓടെ യു.എ.ഇയില്‍തന്നെ നിർമിക്കുന്ന എയര്‍ടാക്സികളുടെ പ്രവർത്തനം തുടങ്ങുമെന്ന് നേരത്തേ യു.എസ് കമ്പനിയായ ഒഡീസ് ഏവിയേഷൻ വെളിപ്പെടുത്തിയിരുന്നു. ഹ്രസ്വദൂര യാത്രകള്‍ക്കും ചെറിയ തോതിലുള്ള ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കുമായി രൂപകൽപന ചെയ്ത ഹൈബ്രിഡ് -ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനങ്ങളാണ് കമ്പനി പ്രത്യേകം നിർമിക്കുക. നെക്സ്റ്റ് ജെന്‍ എഫ്.ഡി.ഐ എന്ന പേരിൽ യു.എ.ഇയുടെ നിക്ഷേപ സൗഹാര്‍ദ പദ്ധതിയില്‍ ഒഡീസ് ഏവിയേഷന്‍ ഔദ്യോഗികമായി ചേര്‍ന്നതായും സാമ്പത്തിക മന്ത്രാലയം അറിയിച്ചിരുന്നു.
ഇത് യു.എ.ഇയില്‍ രണ്ടായിരത്തിലേറെ തൊഴിലസരങ്ങളുണ്ടാക്കും. യു.എ.ഇയില്‍ നിർമിച്ച ആദ്യ എയര്‍ടാക്സിയുടെ കയറ്റുമതിയും ഇതിലൂടെ സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.