വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ ദുബൈ ഒന്നാമത്
text_fieldsദുബൈ: നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്.ഡി.ഐ) പദ്ധതികൾ ആകർഷിക്കുന്നതിൽ ദുബൈ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്. കോവിഡ് മഹമാരിയുടെ പ്രത്യാഘാതങ്ങളെ അതിജീവിച്ച് എമിറേറ്റിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം കോർപറേറ്റ് ആസ്ഥാനമായി ആകർഷിക്കപ്പെടുന്ന പട്ടണങ്ങളിൽ രണ്ടാം സ്ഥാനവും ദുബൈ കരസ്ഥമാക്കി. 2021ൽ കാലയളവിൽ 418 ഗ്രീൻഫീൽഡ് എഫ്.ഡി.ഐ പദ്ധതികൾ എമിറേറ്റിലെത്തിയതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ദുബൈയുടെ 'എഫ്.ഡി.ഐ റിസൽട്ട്സ് ആൻഡ് റാങ്കിങ് ഹൈലൈറ്റ് റിപ്പോർട്ട്-2021' പുറത്തുവിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും മികച്ച സാമ്പത്തിക അന്തരീക്ഷവും ബിസിനസ് സാഹചര്യവും ദുബൈ സൃഷ്ടിച്ചിട്ടുണ്ടെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു. ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്‍റെ ഏജൻസിയായ ദുബൈ ഇൻവെസ്റ്റ്‌മെൻറ് ഡെവലപ്‌മെന്‍റ് ഏജൻസി(ദുബൈ എഫ്.ഡി.ഐ) പ്രസിദ്ധീകരിച്ചതാണ് ഈ റിപ്പോർട്ട്.
ദുബൈയിലെ ടൂറിസം മേഖല എമിറേറ്റിന്‍റെ സാമ്പത്തിക തിരിച്ചുവരവിന് അടിവരയിടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021നാലാംപാദത്തിൽ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം പകർച്ചവ്യാധിക്ക് മുമ്പുള്ളതിന്‍റെ 74 ശതമാനത്തിലെത്തിയത് ഇതിന് തെളിവാണ്. കഴിഞ്ഞവർഷം ആകെ ദുബൈയിലെത്തിയത് 72ലക്ഷം സന്ദർശകരാണെന്നും ഇത് മുൻവർഷത്തെ അപേക്ഷിച്ച് 32ശതമാനം വളർച്ചയാണെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.