പ്രോപ്പർട്ടി രംഗത്ത് കുതിപ്പ് തുടരുന്ന ആഗോള നഗരങ്ങളിൽ ദുബൈയും
text_fieldsദുബൈ: പ്രോപ്പർട്ടി വിപണിയിൽ കുതിപ്പ് തുടരുന്ന ലോകത്തെ ഏതാനും നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ദുബൈയും. കോവിഡ് മഹാമാരിക്ക് ശേഷം അതിവേഗം വളരുന്ന എമിറേറ്റിലെ പ്രോപ്പർട്ടി രംഗം ബാങ്കോക്, ബെർലിൻ, സ്റ്റോക്ഹോം, ഹോങ്കോങ്, ജകാർത്ത, പാരിസ്, വാർസോ തുടങ്ങിയ ആഗോള നഗരങ്ങൾക്കൊപ്പമാണ് ഇടംപിടിച്ചിരിക്കുന്നത്. ആഗോള റിയൽ എസ്റ്റേറ്റ് കൺസൽട്ടൻസിയായ ജെ.എൽ.എല്ലിന്‍റെ വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നര വർഷമായി എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് രംഗം ആഗോള തലത്തിലെ സമാന നഗരങ്ങളേക്കാൾ മൂലധന വിലമതിപ്പിലും വാടക വരുമാനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കോവിഡിന് ശേഷമുള്ള കാലയളവിൽ വിദേശ നിക്ഷേപകരിൽ നിന്നും താമസക്കാരിൽ നിന്നും ആവശ്യക്കാർ വർധിക്കാൻ ഉയർന്ന വരുമാനവും താങ്ങാവുന്ന വിലയും അടക്കമുള്ള ഘടകങ്ങൾ പ്രധാനകാരണമാവുകയും ചെയ്തു.
ന്യൂയോർക്, ഹോങ്കോങ്, ലണ്ടൻ, പാരിസ് തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് ദുബൈയിൽ പ്രോപ്പർട്ടി രംഗത്തെ വിലനിലവാരം താങ്ങാവുന്നതാണ്. ഇത് മികച്ച വരുമാനമുള്ള ആളുകൾ കൂടുതലായി ദുബൈയെ നിക്ഷേപത്തിനും താമസത്തിനും തെരഞ്ഞെടുക്കാൻ കാരണമായിട്ടുണ്ട്. അതോടൊപ്പം ലോകോത്തരമായ ജീവിത നിലവാരവും സുരക്ഷയും എമിറേറ്റിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
യൂറോപ്പ്, യു.എസ്, മിഡിൽഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ദുബൈയിലെ പ്രോപ്പർട്ടി വില കഴിഞ്ഞ മൂന്നര വർഷത്തിനിടെ വർധിച്ചിട്ടുണ്ട്.
നൈറ്റ് ഫ്രാങ്കിന്‍റെ 2024ലെ വെൽത്ത് റിപ്പോർട്ട് അനുസരിച്ച്, ആഡംബര പ്രോപ്പർട്ടി വിലകളിൽ 15.9 ശതമാനം വർധനയോടെ 2023ലെ ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവെച്ച രണ്ടാമത്തെ സ്ഥലമാണ് ദുബൈ.
പട്ടികയിൽ മനിലക്ക് ശേഷം അതിവേഗം വളരുന്ന രണ്ടാമത്തെ സ്ഥലമായാണ് എമിറേറ്റ് സ്ഥാനംപിടിച്ചത്. ബ്രസൽസ്, സിഡ്‌നി, ലണ്ടൻ, ആംസ്റ്റർഡാം, മഡ്രിഡ്, മിലാൻ, ക്വാലാലംപുർ എന്നിവിടങ്ങളിൽ പ്രോപ്പർട്ടി മാർക്കറ്റിന്‍റെ വളർച്ച മന്ദഗതിയിലാണെന്ന് ജെ.എൽ.എല്ലിന്‍റെ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ബെയ്ജിങ്, ബോസ്റ്റൺ, ഷികാഗോ, വാഷിങ്ടൺ ഡി.സി എന്നിവിടങ്ങളിൽ വാടക കുറയുന്നതായും ഇത് രേഖപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.