ലോകമേ.. സ്വാഗതം
text_fieldsദുബൈ: ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ദുബൈയിലെ എക്സ്പോ സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച മുതൽ ലോകത്തെ വിവിധ രാഷ്ട്ര നേതാക്കൾ യു.എ.ഇയിൽ എത്തിത്തുടങ്ങും.
ആഗോള തലത്തിൽ ഒട്ടുമിക്ക രാഷ്ട്രങ്ങളിൽ നിന്നും പ്രധാന ഭരണാധികാരികൾ എത്തിച്ചേരുന്ന സമ്മേളനത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറുകണക്കിന് സർക്കാറിതര സ്ഥാപനങ്ങളുടെ ഭാരവാഹികൾ, കമ്പനി പ്രതിനിധികൾ, യുവജന കൂട്ടായ്മകൾ തുടങ്ങിയവരടക്കം ഒരു ലക്ഷത്തോളം അന്താരാഷ്ട്ര പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
യു.എ.ഇ സമ്മേളന പ്രതിനിധികളെ സ്വീകരിക്കാനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞതായി കോപ് 28 പ്രസിഡന്റും യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ എക്സ്പോ സിറ്റിയിൽ ചേർന്ന വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ പരമാവധി വിജയിപ്പിച്ചെടുക്കാൻ ലോക നേതാക്കൾ തയാറാകണമെന്ന് ഡോ. അൽ ജാബിർ ആവശ്യപ്പെട്ടു. ഗ്ലോബൽ നോർത്തും ഗ്ലോബൽ സൗത്തും തമ്മിലെ വിടവ് നികത്തേണ്ടതുണ്ടെന്ന് ഉച്ചകോടിക്ക് മുമ്പായി 50ലേറെ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിൽ ബോധ്യമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എൻ നേതൃത്വം നൽകുന്ന ബ്ലൂസോണിലേക്ക് മാത്രം 97,000 പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ 70,000പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. ഗ്രീൻ സോണിലേക്ക് നാല് ലക്ഷത്തിലധികം പൊതുജനങ്ങളും അപേക്ഷിച്ചിട്ടുണ്ടെന്നും സംഘാടകർ ബുധനാഴ്ച വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള നടപടികൾ, കാലാവസ്ഥ ധനകാര്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്ക് ഉച്ചകോടി സാക്ഷ്യംവഹിക്കും. ചാൾസ് രാജാവ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവർ ഉച്ചകോടി വേദിയിലെത്തും. നേതാക്കളെ സ്വീകരിക്കാനും ഉച്ചകോടിയിലെ പങ്കാളിത്തം സുഗമമാക്കാനും വിപുലമായ ഒരുക്കങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. അതേസമയം നേരത്തെ എത്തുമെന്ന് അറിയിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ ആരോഗ്യ കാരണങ്ങളാൽ സന്ദർശനം കഴിഞ്ഞ ദിവസം റദ്ദാക്കി.
ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേൽ-ഫലസ്തീൻ നേതാക്കൾ ഒരേ വേദിയിലെത്തുന്നത് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്.സമ്മേളന വേദി ബ്ല്യൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. രാഷ്ട്രനേതാക്കളുടെ കൂടിക്കാഴ്ചകളും സംസാരങ്ങളും നടക്കുന്നത് ബ്ല്യൂ സോണിലായിരിക്കും.വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ഈ വേദിയിൽ പ്രധാന ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്.
പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കും തിരഞ്ഞെടുത്ത മാധ്യമങ്ങൾക്കും മാത്രമാണ് ഈ സോണിലേക്ക് പ്രവേശനം അനുവദിക്കുന്നത്.ഗ്രീൻ സോണിൽ ഡിസംബർ മൂന്നാം തീയതി മുതൽ ആരംഭിക്കുന്ന പരിപാടികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.