ഫലസ്തീന് കൈത്താങ്ങായി ദുബൈ കെ.എം.സി.സി വനിത വിഭാഗം
text_fieldsദുബൈ: ഉടുതുണിക്ക് മറുതുണിയില്ലാതെ, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായഹസ്തവുമായി ദുബൈ കെ.എം.സി.സി വനിത കമ്മിറ്റിയും. ആശങ്കകളുടെയും അനിശ്ചിതത്വത്തിന്റെയും മുൾമുനയിൽ നിൽക്കുന്ന, ലോകത്തിന്റെ വേദനയായി മാറിയ ഫലസ്തീൻ ജനതയെ പിന്തുണക്കാൻ ദുബൈ വനിത കെ.എം.സി.സി ഭക്ഷണസാധനങ്ങൾ, പുതപ്പുകൾ, കുട്ടികൾക്കുള്ള പുത്തനുടുപ്പുകൾ, സാനിറ്ററി പാഡുകൾ, കുട്ടികളുടെ പാഡുകൾ എന്നിവ ദുബൈ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറി.
കൂടാതെ അംഗങ്ങളിൽനിന്നും സമാഹരിച്ച പണവും റെഡ് ക്രെസന്റ് സൊസൈറ്റിയെ ഏൽപ്പിച്ചു. ഭാരവാഹികളായ സഫിയ മൊയ്ദീൻ, റീന സലിം, നജ്മ സാജിദ് എന്നിവരുടെ നേതൃത്വത്തിൽ സക്കീന മൊയ്ദീൻ, സുഹറാബി മനാഫ്, റസീന റഷീദ്, ഷീജാബി ഹസൈനാർ, ആയിഷ മുഹമ്മദ്, റാബിയ സത്താർ, ഹൈറുന്നിസ മുനീർ എന്നിവർ റെഡ് ക്രെസന്റ് സൊസൈറ്റിയിൽ നേരിട്ട് ചെന്നാണ് അവശ്യസാധനങ്ങളും പണവും കൈമാറിയത്.
റെഡ് ക്രെസന്റ് ഡയറക്ടർ മുഹമ്മദ് അൽ സറൂനി, ഫണ്ട് റൈസിങ് വകുപ്പ് മേധാവി റാഷിദ് അൽ യമാഹി എന്നിവരുടെ സാന്നിധ്യത്തിലാണ് ദുബൈ കെ.എം.സി.സി വനിതകൾ ഈ മാതൃകപരമായ ദൗത്യം നിർവഹിച്ചത്. ഇനിയും നിരപരാധികളായ ഫലസ്തീൻ ജനതയോടൊപ്പം കെ.എം.സി.സി ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ റെഡ് ക്രെസന്റ് അധികാരികൾക്ക് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.