ദുബൈയിൽ വൻ സമുദ്രസംരക്ഷണ പദ്ധതിക്ക് തുടക്കം
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ സംരംഭമായി വിശേഷിപ്പിക്കപ്പെടുന്ന ദുബൈ റീഫ് പദ്ധതി ഉദ്ഘാടനം ചെയ്ത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അമേരിക്കൻ നിക്ഷേപകൻ റേയ് ഡാലിയോക്കൊപ്പം കടലിൽ ഡൈവിങ് നടത്തി കാഴ്ചകൾ കണ്ട ശേഷമാണ് സംരംഭത്തിന്റെ ആരംഭം ശൈഖ് ഹംദാൻ പ്രഖ്യാപിച്ചത്.
85,000ലധികം ഫുട്ബാൾ മൈതാനങ്ങൾക്ക് തുല്യമായ വിസ്തീർണത്തിൽ, അഥവാ 600 ചതുരശ്ര കി.മീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ദുബൈ റീഫ് പദ്ധതി.
ഹരിതഗൃഹ വാതക ഉദ്വമനവും കാലാവസ്ഥ വ്യതിയാനവും ലഘൂകരിക്കുന്നതിനുള്ള കാർബൺ പിടിച്ചെടുക്കലിനും സംഭരണത്തിനും ഇത് സഹായിക്കും.
പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ, തീരസംരക്ഷണം, ദുബൈയുടെ തീരത്ത് സമുദ്ര ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനം എന്നിവക്ക് ഈ പദ്ധതി നിർണായക പങ്കുവഹിക്കും.
പദ്ധതിയിലൂടെ രൂപപ്പെടുന്ന പവിഴപ്പുറ്റുകൾ മൊത്തത്തിൽ 400,000 ക്യൂബിക് മീറ്ററിനേക്കാൾ കൂടുതൽ വരും.
പ്രതിവർഷം ഏഴ് ദശലക്ഷം ടണ്ണിലധികം കാർബൺ പിടിച്ചെടുക്കാനുള്ള ശേഷി ഇതിനുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെ 2022 ഫെബ്രുവരിയിൽ ശൈഖ് ഹംദാൻ ആരംഭിച്ച ‘ദുബൈ കാൻ’ എന്ന സംരംഭത്തിന്റെ നേതൃത്വത്തിലാണ് ദുബൈ റീഫ് പദ്ധതി നടപ്പിലാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ സംരംഭമായ ദുബൈ റീഫിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവിസ്മരണീയമായ ഒരു ഡൈവിങ് ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശൈഖ് ഹംദാൻ എക്സ് അക്കൗണ്ടിൽ കുറിച്ചു. പദ്ധതി സമുദ്ര ജൈവവൈവിധ്യം, ഭൂമിയുടെ ആരോഗ്യം, സാമ്പത്തിക അഭിവൃദ്ധി എന്നിവക്ക് സഹായിക്കുന്നതാണ്.
സുസ്ഥിരതയോടുള്ള ദുബൈയുടെ പ്രതിബദ്ധതയുടെ തെളിവാണിത്, ആഗോള പാരിസ്ഥിതിക പദ്ധതികളുടെ ബ്ലൂപ്രിന്റായി ഇത് പ്രവർത്തിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. പവിഴപ്പുറ്റുകൾ ഭൂമിയിലെ ഏറ്റവും മൂല്യവത്തായ ആവാസ വ്യവസ്ഥകളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. മൊത്തം സമുദ്രജീവികളുടെ ഏകദേശം 25 ശതമാനത്തിലേറെ ജീവിത ചക്രത്തിന്റെ ഒരു ഘട്ടത്തിൽ പവിഴപ്പുറ്റുകളെ ആശ്രയിച്ചിരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.
പദ്ധതി വഴി സമുദ്ര ജീവികളുടെ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റം നടത്താനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.