വെയർഹൗസുകളിൽ നേരിട്ട് കസ്റ്റംസ് പരിശോധനക്ക് തുടക്കം
text_fieldsദുബൈ: എമിറേറ്റിലെ കോർപറേറ്റ് കമ്പനികൾക്ക് വെയർഹൗസുകളിൽ വെച്ചുതന്നെ കസ്റ്റംസ് പരിശോധനകൾ പൂർത്തീകരിക്കാനുള്ള സംരംഭത്തിന് തുടക്കമിട്ട് പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ (പി.സി.എഫ്.സി). തിങ്കളാഴ്ച അരാമക്സിന്റെ വെയർ ഹൗസിൽ സംരംഭം ഉദ്ഘാടനം ചെയ്തു.
പുതിയ സംരംഭത്തിലൂടെ കസ്റ്റംസ് നടപടിക്രമങ്ങൾക്കുള്ള സമയം 50 ശതമാനം വരെ കുറക്കുന്നതിനൊപ്പം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും വിതരണ ശൃംഖലയുടെ കാര്യക്ഷമത ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കോർപറേറ്റ് ആവശ്യങ്ങൾ അഭിമുഖീകരിക്കുന്നതിനായി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന രണ്ട് രീതിയിലുള്ള പരിശോധന സംവിധാനങ്ങളാണ് നടപ്പാക്കുക.
പതിവ് പരിശോധന ആവശ്യമായ, ഉയർന്ന അളവിൽ സാധനങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകളെ പിന്തുണക്കുന്നതിനായി പരിസരങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥിരമായി നിലയുറപ്പിക്കുന്നതാണ് ഒരു രീതി. സ്ഥാപനത്തിന്റെ ആവശ്യം അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ വെയർ ഹൗസിലെത്തി പരിശോധന പൂർത്തിയാക്കുന്നതാണ് മറ്റൊരു രീതി.
ഷിപ്പ്മെന്റ് നടപടികളുടെ സമയവും കാലതാമസവും ഇതു വഴി 50 ശതമാനം വരെ കുറക്കാൻ സഹായകമാവും. കൂടാതെ ഒരു ഷിപ്പ്മെന്റിൽ കസ്റ്റംസ് നടപടികൾക്കായി എടുത്തിരുന്ന നടപടികളുടെ സമയം അഞ്ച് മണിക്കൂർ വരെ ലാഭിക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.