മാൾ ഓഫ് എമിറേറ്റ് വിപുലീകരിക്കുന്നു; 500 കോടി ദിർഹമിന്റെതാണ് പദ്ധതി
text_fieldsമാൾ ഓഫ് എമിറേറ്റ്സ്
ദുബൈ: എമിറേറ്റിലെ പ്രധാന ഷോപ്പിങ് ഡെസ്റ്റിനേഷനുകളിൽ ഒന്നായ മാൾ ഓഫ് എമിറേറ്റ്സ് വിപുലീകരിക്കുന്നു. പുതുതായി 100 സ്റ്റോറുകൾ കൂടി ഉൾക്കൊള്ളാവുന്ന രീതിയിലാണ് മാളിന്റെ വികസനം. അതോടൊപ്പം പുതിയ തിയറ്റർ, ഇൻഡോർ -ഔട്ട്ഡോർ ഡൈനിങ് ഏരിയകൾ, വിനോദത്തിനാവശ്യമായ കൂടുതൽ ഇടങ്ങൾ എന്നിവയും ഉൾപ്പെടും. 500 കോടി ദിർഹം ചെലവിട്ടാണ് 20,000 ചതുരശ്ര അടി വിസ്തൃതിയിൽ മാൾ വികസിപ്പിക്കുന്നതെന്ന് ഉടമ മാജിദ് അൽ ഫുതൈം അറിയിച്ചു.
വികസനത്തിനായി 110 കോടി ദിർഹം ചെലവഴിച്ചു കഴിഞ്ഞു. തുടർ വികസന പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. മാളിന്റെ 20ാമത് വാർഷികത്തോടനുബന്ധിച്ചാണ് വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്. 2030ഓടെ പുതിയ സാധ്യതകളുടെ മാൾ എന്നതാണ് കാഴ്ചപ്പാട്.
പുതിയ കോൺവന്റ് ഗാർഡൻ തിയറ്റർ ഈ വർഷം മധ്യത്തോടെ സോഫ്റ്റ് ലോഞ്ച് ചെയ്യും. 2026ൽ പൂർണതോതിൽ പ്രവർത്തന സജ്ജമാകും. 600 പേർക്ക് ഇരിക്കാവുന്ന തിയറ്ററിൽ റിഹേഴ്സൽ സൗകര്യവും ഒരുക്കും. മാളിലെ നാല് വിനോദ കേന്ദ്രങ്ങൾ അടുത്ത വർഷം തുറക്കാനാണ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.