ഓൺലൈൻ വഴി വാങ്ങിയ ഫോൺ ‘മോഷ്ടിച്ചത്’
text_fieldsദുബൈ: ഓൺലൈൻ പ്ലാറ്റ്ഫോം വഴി വാങ്ങിയ പുതിയ ഐ ഫോൺ ബ്രിട്ടനിൽ മോഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തി. കാരിഫോറിന്റെ മാർക്കറ്റ്പ്ലേസ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി വാങ്ങിയ ഐഫോൺ 13 പ്രോ മാക്സാണ് മോഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ കമ്പനി ഉപഭോക്താവിന് 5000 ദിർഹം നഷ്ടപരിഹാരം നൽകാനും വിൽപനക്കാരനായ മൂന്നാം കക്ഷിയെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. ദുബൈയിൽ കഴിഞ്ഞ 12 വർഷമായി താമസക്കാരനായ ആൻഡി ഗിബ്ബിൻസ് എന്ന ബ്രിട്ടീഷ് കൺസൽട്ടന്റിനാണ് മോഷ്ടിക്കപ്പെട്ട ഫോൺ ലഭിച്ചത്. ക്രിസ്മസിനോടനുബന്ധിച്ച് ഭാര്യ സമ്മാനമായാണ് ഫോൺ നൽകിയത്. ഫോൺ ലഭിക്കുമ്പോൾ പുതിയതെന്ന രീതിയിലായിരുന്നു.
യു.എ.ഇയിൽ വെച്ച് ഫോൺ മികച്ചരീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ, ന്യൂകാസിലിലേക്ക് ഒരു ബിസിനസ് ട്രിപ്പിന് വേണ്ടി യാത്രചെയ്തപ്പോഴാണ് ഫോൺ മോഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്. യു.കെയിൽ എത്തിയതോടെ ഫോൺ പ്രവർത്തനം പൂർണമായും നിലക്കുകയായിരുന്നു. സാങ്കേതികത്തകരാറാണെന്ന് കരുതി ശരിയാക്കാനായി പ്രാദേശിക മൊബൈൽ ഷോപ്പിൽ നൽകി. ഇവർ ആപ്പിൾ സ്റ്റോറിനെ സമീപിക്കാൻ ആവശ്യപ്പെട്ടു. ഇവിടെ വെച്ചാണ് ഫോൺ ബ്ലോക്ക് ചെയ്യപ്പെട്ടതായി മനസ്സിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ടതിനാലാണ് ബ്ലോക്കെന്ന് കണ്ടെത്തുകയായിരുന്നു. 2022 സെപ്റ്റംബർ മുതൽ ഫോൺ ബ്ലോക്ക് ചെയ്യപ്പെട്ടതായാണ് കണ്ടെത്തിയതെന്ന് ഇ-മെയിൽ വഴിയാണ് വിവരം ലഭിച്ചത്.
സംഭവത്തിൽ കാരിഫോർ വിപുലമായ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനും വിൽപനക്കാരനെ തടയാനും തീരുമാനിച്ചു. മോഷ്ടിക്കപ്പെട്ടാൽ ഒരു രാജ്യത്ത് ഉപയോഗിക്കുന്നത് തടയാൻ കഴിയുമെങ്കിലും മറ്റിടങ്ങളിൽ പ്രവർത്തിപ്പിക്കുന്നതിന് തടസ്സമില്ല. ഈ സാധ്യത ഉപയോഗിച്ചാണ് യു.കെയിൽ മോഷ്ടിച്ച ഫോൺ യു.എ.ഇയിൽ വിറ്റത്. ദുബൈ ദേരയിലെ ഒരു സ്പെഷലിസ്റ്റ് മൊബൈൽ ഫോൺ വ്യാപാരിയാണ് ഫോൺ വിറ്റതെന്ന് രേഖകളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താവിനോട് ക്ഷമ ചോദിച്ച കാരിഫോർ, ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ സാധ്യമായ ഏറ്റവും മികച്ചവിലയിൽ നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.