നവീകരണം പൂർത്തീകരിച്ച് ദുബൈ മാരി ടൈം സിറ്റി
text_fieldsദുബൈ: ദുബൈ മാരിടൈം സിറ്റിയുടെ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തിവന്ന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ പൂർത്തിയായി. പ്രതിവർഷം 1000 കപ്പലുകളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് വികസനം പൂർത്തീകരിച്ചത്. പ്രതിവർഷം 400 കപ്പലുകളെ ഉൾക്കൊള്ളാനുള്ള ശേഷിയായിരുന്നു നേരത്തേയുണ്ടായിരുന്നത്.
നിലവിലെ ഷിപ്പ് ലിഫ്റ്റുകളുടെ ശേഷി കൂട്ടുക, പുതിയ കപ്പൽ ചാലുകളുടെ നിർമാണം, വൈദ്യുതി വിതരണം എന്നീ മേഖലകളിലാണ് സമഗ്രവികസനം പൂർത്തീകരിച്ചത്. നവീകരണം പൂർത്തിയായതോടെ 3000 ടൺ ഷിപ്പ് ലിഫ്റ്റ് ചെയ്തിരുന്ന സ്ഥാനത്ത് 6,000 ടൺ ആയി ഉയർത്താനും ദുബൈ മാരിടൈം സിറ്റിക്ക് കഴിയും.
ആഗോള സമുദ്ര ഗതാഗത രംഗത്ത് ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും എമിറേറ്റിന്റെ സാമ്പത്തിക വളർച്ചയിൽ നൽകി വരുന്ന സംഭാവനകൾ വർധിപ്പിക്കാൻ ഇത് സഹായകമാവും. ദുബൈ സാമ്പത്തിക അജണ്ടയായ ഡി33യോട് ചേർന്നു നിൽക്കുന്നതാണ് പുതിയ വികസന പദ്ധതികൾ.
249 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നതാണ് ദുബൈ മാരിടൈം സിറ്റിയുടെ ബെർത്ത് പ്ലാറ്റ്ഫോം. മേഖലയിലെ ഏറ്റവും പ്രമുഖ സമുദ്ര ക്ലസ്റ്ററാണ് ദുബൈ മാരിടൈം സിറ്റിയുടേത്. ആഡംബര യാട്ടുകൾ, വാണിജ്യ കപ്പലുകളുടെ നിർമാണം, അറ്റകുറ്റപ്പണി എന്നിവക്കായി ഏറ്റവും മികച്ച സേവനങ്ങളാണ് ദുബൈ മാരിടൈം സിറ്റി വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബെർത്തിന്റെ ശേഷി 16 ശതമാനം വർധിപ്പിച്ച് 296 കപ്പലുകൾ നിർത്തിയിടാൻ മാരിടൈം സിറ്റിയിൽ കഴിയും. കപ്പൽ ലിഫ്റ്റ് നവീകരണത്തിന് പുറമെ നാല് സെറ്റ് കപ്പൽ കാർഡിലുകൾ നിർമിക്കുന്നതിനായി ഡി.എം.സി ഇ.പി.സിയുമായി കരാറിലെത്തിയിരുന്നു. ഇതിൽ ആദ്യ രണ്ട് സെറ്റുകളുടെ ഉദ്ഘാടനം നടത്തിയിരുന്നു. ഇതു വഴി 140 മീറ്റർ വരെ നീളമുള്ള 6000 ടൺ വരെ ഭാരമുള്ള കപ്പലുകളെ ഉൾക്കൊള്ളാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.