മസാല ചന്തമുള്ള ദുബൈ മാർക്കറ്റ്
text_fieldsദുബൈയുടെ വളർച്ചയുടെ ഘടനയിൽ പ്രധാന പങ്ക് വഹിച്ച മേഖലയാണ് ദേര. കടലും കടലിടുക്കും അതിരിടുന്ന, കച്ചവട ഗാഥകൾ അലയടിക്കുന്ന മേഖല. ഷിന്ദഗ ഭൂഗർഭ പാതയുടെ ഇരമ്പുന്ന ഓർമകൾ അലയടിക്കുന്ന പ്രദേശം. വിമാനത്താവളത്തിന്റെ ചേലൊത്ത മീൻമാർക്കറ്റുള്ള ദേര. കിഴക്കൻ ദുബൈയിലെ ദേരയിൽ സ്വർണ മാർക്കറ്റിനോട് ചേർന്നൊരു മസാല മാർക്കറ്റുണ്ട്. ലോകത്തിന്റെ ജൈവ സുഗന്ധം പരന്നൊഴുകുന്ന മാർക്കറ്റിലെത്തിയാൽ മുളകിട്ട മീൻക്കറിയും പൊള്ളിച്ച വറ്റയും വറുത്തരച്ച നാടൻ കോഴിക്കറിയും നാവിലെ പാപ്പിലയിൽ കയറി ഉന്മാദ നൃത്തം ചവിട്ടും.
വരക്കാൻ തുടങ്ങുന്നതിന് മുമ്പുള്ള ചിത്രക്കാരന്റെ ഭാവനക്ക് മുന്നിൽ പ്രാർഥനയോടെ ഇരിക്കുന്ന വർണങ്ങൾ പോലെ ഇവ മനസിലേക്ക് ഓടിവരും. നിറങ്ങൾ കൊണ്ട് ചിത്രത്തെയും സുഗന്ധം കൊണ്ട് രുചികരമായ ഭക്ഷണത്തെയും ഒരേ ഫ്രൈമിൽ കൊണ്ട് വന്ന് നൃത്തമാടിക്കുന്ന ജൈവമാന്ത്രികത. ദുബൈ ക്രീക്കിലെ ഓൾഡ് സൂഖ് അബ്ര സ്റ്റേഷന് സമീപമുള്ള ബനിയാസ് സ്ട്രീറ്റിലെ അൽ റാസ് പ്രദേശത്താണ് സ്പൈസ് സൂക്ക് സ്ഥിതി ചെയ്യുന്നത്. ഇടപാടുകാർക്ക് നടക്കാനും ഉന്തുവണ്ടികൾക്ക് പോകാനും മാത്രമായി തീർത്ത ഇടുങ്ങിയ പാതകളാണ് സൂക്കിന്റെ ചന്തം.
തിരക്കിനിടയിലൂടെ കമ്മാലിമാരുടെ കൈവണ്ടികൾ അപകടമില്ലാതെ, ജീവിത താളത്തിനൊത്ത് സഞ്ചരിക്കുന്നത് കാണാം. തുറന്നതും അടച്ചതുമായ മേൽക്കൂരയുള്ള സ്റ്റോറുകളാൽ സമ്പന്നമാണ് മാർക്കറ്റ്. ഇത് ലോകം ഇഷ്ടത്തിലാക്കിയ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. അറബിക്, ദക്ഷിണേഷ്യൻ ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന നിരവധി ഔഷധ കൂട്ടുകളും സ്പൈസ് സൂക്കിലെ സ്റ്റോറുകളിൽ വിൽക്കുന്നു. കൂടാതെ, വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ, ചായ, ധൂപവർഗ്ഗങ്ങൾ, പരവതാനികൾ, പുരാവസ്തുക്കൾ എന്നിവയും മസാലകൾക്കിടയിലെ വിൽപ്പന ചരക്കുകളാണ്. കച്ചവടത്തിനിന്നും ഒരു വിലപേശലിന്റെ താളമുള്ള ചന്തയാണിത്.
ഒരു കച്ചവട മേളം എന്നുവേണമെങ്കിൽ ഇതിനെ വിളിക്കാൻ തോന്നും. ഭൂരിഭാഗം കച്ചവടവും വിലപേശലിലൂടെയാണ് നടക്കുന്നത്. പണ്ട്കാലത്തെ സൂപ്പർമാർക്കറ്റുകളെ അടയാളപ്പെടുത്തിയിരുന്നത് ഈ മാർക്കറ്റുകളാണ്. പ്രവാസത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ എത്തിയവർക്ക് തൊഴിൽ നൽകി ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൊണ്ടുവന്ന മാർക്കറ്റും കൂടിയാണിത്. എന്നാൽ, വലിയ സ്റ്റോറുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും വളർച്ച കാരണം വ്യാപാരത്തിന്റെ അളവും സ്പൈസ് സൂക്കിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന സ്റ്റോറുകളുടെ എണ്ണവും സമീപ വർഷങ്ങളിൽ വർദ്ധിച്ചിട്ടില്ല എന്നാണ് ഇവിടെ പ്രവർത്തിക്കുന്നവർ പറയുന്നത്.
എന്തൊക്കെയായാലും വിനോദസഞ്ചാര ഭൂപടത്തിൽ ലോകം സ്നേഹ വർണ്ണം കൊണ്ടാണ് ഈ കച്ചവട ചന്തയെ അടയാളപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ ഒരു പാചക വിദഗ്ദ്ധനാണെങ്കിൽ, പാചകം ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട പാചകക്കുറിപ്പുകൾ പരീക്ഷിക്കാൻ നോക്കുന്നവരായാലും, സ്പൈസ് സൂക്കിൽ നിന്ന് നിങ്ങൾക്ക് നിരവധി പുതിയ രുചികൾ കണ്ടെത്താനാകും - അണ്ടിപ്പരിപ്പ്, എണ്ണകൾ, കുങ്കുമപ്പൂവ് എന്നിവയും ഇവിടെ യഥേഷ്ടം ലഭ്യമാണ്.
മസാലകൾക്ക് പുറമേ, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കരകൌശല വസ്തുക്കൾ, പിഞ്ഞാണങ്ങൾ, മിഠായികൾ, ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് പകരാനായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇലകൾ, തണ്ടുകൾ, ചായപ്പൊടികളുടെയും കാപ്പി പൊടികളുടെയും നിരവധി വൈവിധ്യങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയുടെ നീണ്ട ശേഖരമുണ്ട് ഈ പരമ്പരാഗത സൂക്കിൽ.
പഴമയെ തെല്ലും കൈവിടാതെയാണ് ഇന്നും മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് നോക്കിയാൽ അബറയിലൂടെ നീങ്ങുന്ന കടത്തുവള്ളങ്ങൾ കാണാം. വള്ളങ്ങളെ വട്ടമിട്ട് പറക്കുന്ന വിവിധതരം പക്ഷികൾ. ഒരു വിളിപ്പാടകലെയുണ്ട് ദുബൈ ഭരണകൂടത്തിന്റെ തറവാട് നിലനിന്നിരുന്ന ഷിന്ദഗ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.