ടൂറിസം, ഇക്കോണമി വകുപ്പുകളെ ലയിപ്പിച്ച് ദുബൈ
text_fieldsദുബൈ: എമിറേറ്റിലെ ടൂറിസം, ഇക്കോണമി വകുപ്പുകളെ ലയിപ്പിക്കുന്ന സുപ്രധാന തീരുമാനമെടുത്ത് ദുബൈ. മത്സരശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായ തീരുമാനത്തോടെ 'ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ്' എന്ന ഒരൊറ്റ വിഭാഗമായി വകുപ്പുകൾ മാറും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. ദുബൈയുടെ സമ്പദ്വ്യവസ്ഥ ചരിത്രത്തിലുടനീളം വികസനത്തിെൻറ വിവിധ ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഇതിലൂടെയാണ് സാമ്പത്തിക വികസനത്തിനുള്ള മാതൃകയായും വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട സ്ഥലമായും നഗരം വികസിച്ചതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ശൈഖ് മുഹമ്മദ് ബിൻ റാശിദിെൻറ കാഴ്ചപ്പാടിന് അനുസരിച്ചാണ് മാറ്റമെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. വ്യാവസായിക മേഖലയുടെ മൂല്യം വർധിപ്പിച്ച് വിദേശ വ്യാപാരം വികസിപ്പിക്കുകയും 2025ഓടെ 25 മില്യൺ വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യലാണ് ഇതിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.വിദേശ വ്യാപാരം വിപുലീകരിക്കാനും എമിറേറ്റിലേക്കുള്ള സന്ദർശകരെ വർധിപ്പിക്കാനും തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ വകുപ്പ് മേധാവിയായി ഹിലാൽ അൽ മാരിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.