ദുബൈ മെറ്റാവേഴ്സ് അസംബ്ലിക്ക് പ്രൗഢ തുടക്കം
text_fieldsദുബൈ മെറ്റാവേഴ്സ് അസംബ്ലിക്ക് പ്രൗഢ തുടക്കം
ദുബൈ: ആശയവിനിമയ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റാവേഴ്സ് രംഗത്തെക്കുറിച്ച ചർച്ചകളും പ്രഖ്യാപനങ്ങളുമായി ആദ്യ ദുബൈ മെറ്റാവേഴ്സ് അസംബ്ലിക്ക് പ്രൗഢ തുടക്കം. ദുബൈ സർക്കാർ ഇതുസംബന്ധിച്ച നയം രൂപപ്പെടുത്തി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മെറ്റാവേഴ്സ് അസംബ്ലിക്ക് നഗരം വേദിയൊരുങ്ങുന്നത്. ബുധനാഴ്ച ആരംഭിച്ച രണ്ടുദിവസത്തെ പരിപാടിക്ക് ഫ്യൂചർ മ്യൂസിയമാണ് വേദിയാകുന്നത്. ഭാവി സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ആഗോള കേന്ദ്രമായി ദുബൈ മാറിയെന്ന് പരിപാടിയിൽ സംബന്ധിച്ചശേഷം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്താൻ സാങ്കേതിക ഉപകരണങ്ങളും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിന് നിരന്തരം പ്രവർത്തിക്കുന്നുണ്ട്. വരുംവർഷങ്ങളിൽ മെറ്റാവേസ് മനുഷ്യരാശിക്ക് ഒരു പുതിയ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തും. ഈ നവീന സാങ്കേതികവിദ്യയിലൂടെ പരീക്ഷണശാലയായി ദുബൈ മാറും-അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈഖ് ഹംദാൻ ചടങ്ങിനെത്തിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും മെറ്റാവേസ് അനുഭവങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ സന്ദർശിക്കുകയും ചെയ്തു. യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി വകുപ്പ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലാമ നടത്തിയ മുഖ്യ പ്രഭാഷണം അദ്ദേഹം ശ്രവിക്കുകയും ചെയ്തു. ആഗോളതലത്തിൽ മെറ്റാവേഴ്സ് സാങ്കേതികതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും അഞ്ഞൂറോളം വിദഗ്ധരും അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്. 10ലധികം സെഷനുകളും ശിൽപശാലകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. മെറ്റാവേഴ്സിന്റെ അനന്ത സാധ്യതകൾ മനുഷ്യസമൂഹത്തിന് ഗുണകരമാകുംവിധം എങ്ങനെ വിനിയോഗിക്കാമെന്ന ചർച്ചകളാണ് മെറ്റാവേഴ്സ് അസംബ്ലിയുടെ പ്രധാന ഊന്നൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.