13ാം വാർഷികം ആഘോഷിച്ച് ദുബൈ മെട്രോ
text_fieldsദുബൈ: ദുബൈയുടെ വേഗത്തിന് അതിവേഗം പകർന്ന ദുബൈ മെട്രോ 13 വയസ്സ് പിന്നിട്ടു. 2019 സെപ്റ്റംബർ ഒമ്പതിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുറന്നുകൊടുത്ത മെട്രോ യു.എ.ഇയിലെ പൊതുഗതാഗതത്തിന്‍റെ നട്ടെല്ലായി മാറിക്കഴിഞ്ഞു. മെട്രോയുടെ ഉദ്ഘാടന ദിനത്തിലെ വിഡിയോ ഷെയർ ചെയ്താണ് ശൈഖ് മുഹമ്മദ് മെട്രോക്ക് ജന്മദിനാശംസകൾ നേർന്നത്. ശൈഖ് മുഹമ്മദിന്‍റെയും മെട്രോയുടെയും പുതിയ യാത്രയുടെ ദൃശ്യങ്ങളും ഇതോടൊപ്പം ചേർത്തിരിക്കുന്നു.
ഈ വർഷം ആദ്യ പകുതിയിൽ ദുബൈയിലെ പൊതുഗതാഗത മേഖല ഉപയോഗിച്ചവരിൽ 36 ശതമാനവും ആശ്രയിച്ചത് മെട്രോയെ ആയിരുന്നു. 109 ദശലക്ഷം യാത്രക്കാരാണ് ഇതുവരെ മെട്രോയിൽ കയറിയത്. ബുർജുമാൻ, യൂനിയൻ സ്റ്റേഷനുകളാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ സംഭാവന ചെയ്തത്. ബുർജുമാൻ സ്റ്റേഷൻ വഴി 62ലക്ഷം യാത്രക്കാരെത്തിയപ്പോൾ യൂനിയൻ വഴി 53ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. കാലാവസ്ഥ വ്യതിയാനങ്ങളോ ഗതാഗതക്കുരുക്കോ പ്രശ്നമില്ലാതെ ദുബൈയുടെ ഷാർജയോട് ചേർന്നു കിടക്കുന്ന ഒരറ്റം മുതൽ മറ്റൊരു മേഖല വരെ ഏറ്റവും എളുപ്പത്തിൽ ഓടിയെത്താൻ ദുബൈ മെട്രോയേക്കാൾ എളുപ്പവും ചെലവു കുറഞ്ഞതുമായ ഗതാഗത മാർഗം വേറെയില്ല.
13 വർഷം മുമ്പ് ജബൽ അലിക്കും റാഷിദിയക്കും ഇടയിലായി 29 സ്റ്റേഷനുകളുള്ള 52 കിലോ മീറ്റർ റെഡ്ലൈനാണ് ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 23 കിലോ മീറ്റർ ദൈർഘ്യമുള്ള ഗ്രീൻലൈനിനു തുടക്കമായി. ദുബൈ എക്സ്പോയുടെ ഭാഗമായി കൂടുതൽ മേഖലകളിലേക്ക് മെട്രോ വ്യാപിപ്പിച്ചു. കോവിഡ് കാലത്ത് ലോക്ഡൗൺ വന്നതോടെ ആദ്യമായി മെട്രോയുടെ ഓട്ടം നിർത്തിവെക്കേണ്ടിവന്നു. എന്നാൽ, നിയന്ത്രണങ്ങളോടെ വീണ്ടും ഓട്ടം തുടങ്ങി. ഗതാഗതക്കുരുക്കില്ലാതെ ചുരുങ്ങിയ ചെലവിൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താം എന്നതാണ് മെട്രോ സർവിസിനെ ഇത്രയേറെ ജനകീയമാക്കിയത്.
മെട്രോയുടെ വിഡിയോക്ക് സമ്മാനം
ദുബൈ: മെട്രോയുടെ 13ാം വാർഷികം പ്രമാണിച്ച് സമ്മാനം പ്രഖ്യാപിച്ച് ആർ.ടി.എ. മെട്രോയിലെ 13 യാത്രകളുടെ വിഡിയോ റീൽ തയാറാക്കി പോസ്റ്റ് ചെയ്യുന്നവർക്കാണ് സമ്മാനം. നിങ്ങളുടെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോ rta_dubaiയെ മെൻഷൻ ചെയ്യുകയും 13JourneysToWin എന്ന ഹാഷ് ടാഗ് ഇടുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.