പ്രകൃതിക്കൊപ്പം ആടിപ്പാടി മെട്രോ യാത്രക്കാർ
text_fieldsദുബൈ: ദുബൈയിലെ അഞ്ച് മെട്രോ സ്റ്റേഷനുകളിൽ ഇപ്പോൾ ഉത്സവനഗരിയുടെ പ്രതീതിയാണ്. മെട്രോയെ സംഗീതസാന്ദ്രമാക്കുന്ന മ്യൂസിക് ഫെസ്റ്റിവൽ അരങ്ങു തകർക്കുകയാണിവിടെ. തിങ്കളാഴ്ച ആരംഭിച്ച സംഗീതോത്സവത്തിലെ ഗായകസംഘത്തിനൊപ്പം ആട്ടവും പാട്ടുമായി യാത്രക്കാരും ചേരുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. യു.എ.ഇ സുസ്ഥിരത വർഷം ആചരിക്കുന്നതിനാൽ ‘സുസ്ഥിരത’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സംഗീതോത്സവം. പുനരുപയോഗിക്കാവുന്ന വസ്തുക്കളാൽ നിർമിച്ച വാദ്യോപകരണങ്ങളുമായാണ് സംഗീതജ്ഞർ എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. fയൂനിയൻ, മാൾ ഓഫ് എമിറേറ്റ്സ്, ബുർജ്മാൻ, ദുബൈ ഫിനാൻഷ്യൽ സെന്റർ, ശോഭ റിയാലിറ്റി എന്നീ സ്റ്റേഷനുകളാണ് സംഗീതത്തിനായി വഴിമാറിയിരിക്കുന്നത്. ദുബൈ ഗവൺമെന്റ് മീഡിയ ഓഫിസിന്റെ ക്രിയേറ്റിവ് ടീമായ ബ്രാൻഡ് ദുബൈയും ആർ.ടി.എയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 12ന് സമാപിക്കും.
പ്രശസ്ത സംഗീതപ്രതിഭകളാണ് ഇവിടെ അരങ്ങു തകർക്കുന്നത്. ഫ്രഞ്ച് സംഗീതജ്ഞൻ നിക്കോളാസ് ബ്രാസാണ് ഇവരിൽ പ്രമുഖൻ. പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽനിന്ന് സംഗീത ഉപകരണങ്ങളുണ്ടാക്കുന്നതിൽ വിദഗ്ധനാണ് ബ്രാസ്. പൈപ്പ്, മരം, ടിൻ കാനുകൾ, ആക്രി വസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച ഉപകരണങ്ങളുമായാണ് ഇദ്ദേഹം മെട്രോയിലെത്തിയിരിക്കുന്നത്. സ്വന്തം കൈകൊണ്ട് നിർമിച്ച ഉപകരണങ്ങളാണിതെല്ലാം. ആസ്വാദകരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ബ്രാസിന്റെ സംഗീത ശൈലി. തായ്ലൻഡിൽനിന്നെത്തിയ ‘ദ ഷോ തിയറ്റർ’ സംഘമാണ് മറ്റൊരു പരിസ്ഥിതി സൗഹൃദ സംഘം.
അടുക്കള ഉപകരണങ്ങൾ, മൺപാത്രങ്ങൾ, സ്പൂൺ, ഗ്ലാസ്, പാനുകൾ തുടങ്ങിയവയെല്ലാമാണ് ഇവരുടെ സംഗീതോപകരണങ്ങളായി മാറിയിരിക്കുന്നത്. ഇതിന് പുറമെ പരമ്പരാഗത നൃത്തങ്ങൾ ചെയ്തും ഗാനങ്ങളാലപിച്ചും ഇവർ കാഴ്ചക്കാരെ കൈയിലെടുക്കുന്നു. യു.എ.ഇയുടെ സംസ്കാരവും കലയും വൈവിധ്യവും അടുത്തറിയുന്നതിനായി നടത്തുന്ന ദുബൈ ഡെസ്റ്റിനേഷൻ കാമ്പയിനിലെ പ്രധാന ഇനമാണ് മ്യൂസിക് ഫെസ്റ്റിവൽ.
രാജ്യാന്തര കലാകാരൻമാർക്ക് പുറമെ യു.എ.ഇയിലെ സംഗീതജ്ഞരും പരിപാടിയുടെ ഭാഗമാണ്. 20 പേരടങ്ങുന്ന സംഘമാണ് അണിയറയിൽ. ഇന്ത്യ, ഈജിപ്ത്, ഫ്രാൻസ്, തായ്ലൻഡ്, അസർബൈജാൻ, പാകിസ്താൻ, നൈജീരിയ, ക്യൂബ, യു.കെ, ലബനാൻ, കാനഡ, നെതർലൻഡ്സ്, ജോർഡൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ കലാകാരൻമാരാണ് അണിനിരക്കുന്നത്. ഇമാറാത്തി ഇലക്ട്രിക്കൽ ഗിറ്റാറിസ്റ്റ് ഇമാൻ അൽ റഈസി, സൗദി സംഗീതജ്ഞൻ ഷാദി എൽ ഹർബി തുടങ്ങിയവരുമുണ്ട്. രാവിലെ നാല് മുതൽ രാത്രി 10 വരെ ഇവരുടെ പ്രകടനങ്ങൾ മെട്രോ സ്റ്റേഷനുകളിൽ വീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.