ദുബൈ മെട്രോ സർവിസ് രാത്രി 12 വരെ
text_fieldsദുബൈ: നിയന്ത്രണങ്ങൾ നീങ്ങിയതോടെ ദുബൈയിൽ ഏറ്റവുമധികം പേർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമായ ദുബൈ മെട്രോ സാധാരണ സർവിസ് പുനരാരംഭിക്കുന്നു. ബുധനാഴ്ച മുതൽ അർധരാത്രി 12 വരെ ദുബൈ മെട്രോ സർവിസ് നടത്തുമെന്ന് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
പ്രവൃത്തി ദിവസങ്ങളിൽ (ശനിയാഴ്ച മുതൽ വ്യാഴം വരെ) രാവിലെ ഏഴു മുതൽ അർധരാത്രി 12 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ അർധരാത്രി 12 വരെയും ദുബൈ മെട്രോ യാത്രക്കാരുമായി നീങ്ങും. കോവിഡിനെ തുടർന്ന് എമിറേറ്റിൽ ദേശീയ അണുനശീകരണ യജ്ഞം തുടങ്ങിയതോടെ രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് മണി വരെയായി മെട്രോ സർവിസ് ചുരുക്കിയിരുന്നു.
ഈദുൽ ഫിത്വർ ഇടവേള കഴിഞ്ഞശേഷം ദുബൈ സാധാരണ നിലയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ആർ.ടി.എ പുതുക്കിയ സമയം പ്രഖ്യാപിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉപ്പുവരുത്താൻ മുൻകരുതൽ നടപടികളുടെ ഭാഗമായി, ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി മെട്രോ സ്റ്റേഷനുകളിലും നിരവധി മുൻകരുതൽ നടപടികളാണ് ആരംഭിച്ചിരുന്നത്.
ദുബൈ മെട്രോ, പബ്ലിക് ബസുകൾ, ടാക്സികൾ, ലിമോസിനുകൾ, ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ തുടങ്ങി വിവിധ മാർഗങ്ങളിലും സ്റ്റേഷനുകളിലും പുതിയ ഐക്കണുകൾ വഹിക്കുന്ന 170,000 ബധവത്കരണ സ്റ്റിക്കറുകൾ കഴിഞ്ഞ മാസം ആർ.ടി.എ പതിച്ചിരുന്നു. വൈറസ് വ്യാപനം തടയുന്നത് സംബന്ധിച്ച അവബോധം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരിലുണ്ടാക്കാൻ ഇതു സഹായകരമായതായാണ് വിലയിരുത്തൽ.
പൊതുഗതാഗത സംവിധാനങ്ങളിൽ നടപ്പാക്കിയ സിഗ്നേജ് ഡയറക്ടറി, മാസ്കുകൾ ധരിക്കുക, ശാരീരിക അകലം പാലിക്കൽ എന്നിവ പോലുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ഐക്കണുകളും നിറങ്ങളും ഉപയോഗിക്കുന്നു. കൈയുറകൾ ധരിക്കുക, അണുവിമുക്തമാക്കുക, കൈകഴുകുക തുടങ്ങിയവ നല്ല രീതികൾ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം സൂചകങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.
പുതിയ പശ്ചാത്തലത്തിൽ മെട്രോയിൽ യാത്രക്കെത്തുന്നവർ 30 മിനുട്ട് നേരത്തെ എത്തണമെന്ന് നിർദേശമുണ്ട്. തിരക്കുകളോ വലിയ തരത്തിലുള്ള ജനസമ്പർക്കമോ ഇല്ലാതെ, സൗകര്യപ്രദമായി യാത്ര ചെയ്യാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.