ദുബൈ മെട്രോ മേയ് 28ഓടെ പൂർവസ്ഥിതിയിലാകും
text_fieldsദുബൈ: കനത്ത മഴയെ തുടർന്ന് പ്രവർത്തനം നിലച്ച മെട്രോ സ്റ്റേഷനുകൾ കൂടി മേയ് 28ഓടെ പൂർണമായും പ്രവർത്തനമാരംഭിക്കുമെന്ന് വ്യക്തമാക്കി അധികൃതർ. മഴക്കെടുതിയെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ഓൺ പാസിവ്, ഇക്വിറ്റി, മഷ്റഖ്, എനർജി മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനമാണ് മേയ് 28ഓടെ പുനഃസ്ഥാപിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) അറിയിച്ചിരിക്കുന്നത്.
മഴക്കെടുതി ബാധിച്ച സ്റ്റേഷനുകളിൽ എല്ലാ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തീകരിച്ചാണ് ട്രെയിൻ യാത്ര പുനഃസ്ഥാപിക്കുക. യാത്രക്കാരുടെ സുരക്ഷിതമായ യാത്രക്ക് ഏറ്റവും മികച്ച നിലവാരത്തിൽ പ്രവർത്തന ക്ഷമമാണോയെന്ന് പരീക്ഷണവും നടത്തും. എപ്രിൽ 16ന് പെയ്ത ശക്തമായ മഴയെ തുടർന്നാണ് മെട്രോ ഗതാഗതത്തെ ബാധിച്ചത്. ദിവസങ്ങൾക്കം തന്നെ മിക്ക സ്റ്റേഷനുകളിലെയും പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു. എന്നാൽ, കൂടുതൽ സൂക്ഷ്മമായ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള നാല് സ്റ്റേഷനുകളിലാണ് നിലവിൽ സർവിസില്ലാത്തത്. ദുബൈ മെട്രോ ഓപറേഷനും അറ്റകുറ്റപ്പണികൾക്കും ചാർജുള്ള കിയോലിസ്, മിസ്തുബ്ഷി ഹെവി ഇൻഡസ്ട്രീസ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ആർ.ടി.എ സർവിസ് പുനഃസ്ഥാപിക്കാൻ അതിവേഗ ശ്രമം തുടരുന്നത്.
അതേസമയം, സർവിസ് പുനരാരംഭിക്കുന്നത് വരെ, 150ലേറെ ബസുകൾ ഉപയോഗിച്ച് പ്രവർത്തനം നിലച്ച സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകുന്നത് തുടരും. മൂന്നു റൂട്ടുകളിലായാണ് ബസുകൾ സർവിസ് നടത്തുക. ബിസിനസ് ബേ സ്റ്റേഷനിൽനിന്ന് ഓൺ പാസിവിലേക്ക് മാൾ ഓഫ് എമിറേറ്റ്സ്, മശ്റഖ്, ഇക്വിറ്റി, ദുബൈ ഇന്റർനെറ്റ് സിറ്റി, അൽഖെൽ മെട്രോ സ്റ്റേഷനുകൾ വഴിയാണ് ബസ് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.