200 കോടി യാത്രക്കാരെ തികച്ച് ദുബൈ മെട്രോ
text_fieldsദുബൈ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദുബൈ മെട്രോ വഴി യാത്ര ചെയ്തവരുടെ എണ്ണം 200 കോടി പിന്നിട്ടു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം ട്വിറ്റർ വഴി വെളിപ്പെടുത്തിയത്.
മെട്രോ അവതരിപ്പിക്കുന്ന കാലത്ത് മേഖലക്ക് അപരിചിതമായ കാഴ്ചപ്പാടായിരുന്നു ഇതെന്നും പല ഉദ്യോഗസ്ഥരും ഇതിനെ പിന്തുണച്ചിരുന്നില്ലെന്നും, എന്നാൽ അസാധാരണവും അസ്വീകാര്യവുമായ ഒരു തീരുമാനം എടുക്കാൻ ഉത്തരവാദിത്തം ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. വാഗ്ദാനം ചെയ്തത് ഞങ്ങൾ നിറവേറ്റുകയും പറഞ്ഞത് പ്രാവർത്തികമാക്കുകയും ചെയ്തുവെനും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മെട്രോ സർവിസ് വഴി പ്രതിദിനം ആറുലക്ഷം യാത്രക്കാർ സഞ്ചരിക്കുന്നുണ്ട്. ഇതിലൂടെ ദുബൈയുടെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി ഇത് മാറിക്കഴിഞ്ഞു. നഗരത്തിന്റെ സുപ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുകയും സുരക്ഷിതവും സുഗമവുമായ ഗതാഗതത്തിന് സഹായിക്കുകയും ചെയ്യുന്നു. 129 ആധുനിക ട്രെയിനുകൾ 53 സ്റ്റേഷനുകൾക്ക് ചുറ്റും 99.7 ശതമാനം കൃത്യതയോടെ നീങ്ങുന്നു -അദ്ദേഹം പറഞ്ഞു.
2009 സെപ്റ്റംബർ ഒമ്പതിന് രാത്രി 9.09ന് സർവിസ് ആരംഭിച്ച മെട്രോ 2017ൽ യാത്രക്കാരുടെ എണ്ണം 100 കോടി തികച്ചിരുന്നു. എട്ടുവർഷം കൊണ്ടാണ് 100 കോടിയിലെത്തിയതെങ്കിൽ അടുത്ത ആറുവർഷത്തിനകം 200 കോടിയിലെത്തിയത് വർഷാവർഷമുള്ള വളർച്ചയെ അടയാളപ്പെടുത്തുന്നു. ശൈഖ് മുഹമ്മദാണ് ആദ്യമായി മെട്രോ ടിക്കറ്റ് ഉപയോഗിച്ച് യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചത്. ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ സ്റ്റേഷനായിരുന്നു മെട്രോയുടെ ആദ്യ സ്റ്റോപ്. സ്റ്റേഷനിൽ ശൈഖ് മുഹമ്മദ് ഇത് അനുസ്മരിച്ച് ഒരു സ്വർണ നാണയം സ്ഥാപിച്ചിരുന്നു. ഘട്ടംഘട്ടമായി വികസിച്ചാണ് മെട്രോ നിലവിലെ രൂപത്തിൽ മാറിത്തീർന്നത്. അവസാനമായി എക്സ്പോ 2020 ദുബൈയുടെ സന്ദർഭത്തിലാണ് വികസനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.