ദുബൈ മെട്രോ ഞായറാഴ്ച മുതൽ ഭാഗികമായി സർവീസ് തുടങ്ങും
text_fieldsദുബൈ: ദുബൈ സാമ്പത്തിക വകുപ്പ് (ഡി.ഇ.ഡി) പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ദുബൈ മെട്രോ ഞായറാഴ്ച മുതൽ ഭാഗികമായി സർവീസ് തുടങ്ങുന്നു. റെഡ് ലൈനിലെ എല്ലാ സ്റ്റേഷനുകളും (നിയന്ത്രിത പ്രദേശങ്ങളിലെ സ്റ്റേഷനുകൾ ഒഴികെ) രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കും. മെട്രോയുടെ കാത്തിരിപ്പ് സമയം തിരക്കേറിയ സമയങ്ങളിൽ മൂന്ന് മിനിറ്റായിരിക്കും. പ്രസക്തമായ ആവശ്യങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും സ്ഥിതി വിലയിരുത്തുമെന്നും ഡി.ഇ.ഡി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
ദുബൈ മെട്രോയുടെ ഗ്രീൻ ലൈനിലും പരിമിത പ്രദേശങ്ങളിൽ ഒഴികെ എല്ലാ സ്റ്റേഷനുകളിലും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു മണി വരെ പരിമിതമായ സമയത്തിൽ സർവീസ് തുടർന്നേക്കും. മാസ്കുകൾ ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ ദുബൈ മെട്രോയിൽ തുടർന്നും കർശനമാക്കും. സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളിൽ അധികൃതർ ക്രൗഡ് മാനേജുമെൻറ് നടപടിക്രമങ്ങൾ വികസിപ്പിച്ച് ജീവനക്കാരും യാത്രക്കാരും മാസ്ക് ധരിക്കുന്നതുൾപെടെയുള്ള മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഏർപ്പാടുകൾ ചെയ്യും.
പ്ലാറ്റ്‌ഫോമിൽ യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് എലിവേറ്ററുകൾ രണ്ടിലധികം പേർ ഒരേസമയം ഉപയോഗിക്കുന്നത് തടയും. ക്ലോസ് എസ്‌കലേറ്ററുകൾ പരിമിതപ്പെടുത്തുന്നതുൾപെടെയുള്ള നടപടികളും സ്വീകരിക്കും. അണുനശീകരണ പദ്ധതി തുടരുന്നതോടൊപ്പം നിലകളിലും സീറ്റുകളിലും പ്രവേശനകവാടങ്ങളിലും “ദുബൈയുടെ ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം'' എന്ന സന്ദേശമുള്ള സ്റ്റിക്കറുകളും പതിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.