ദുബൈ മെട്രോയുടെ 15ാം വാർഷികം: മെട്രോ ബേബികളെ ആദരിച്ചു
text_fieldsദുബൈ: ദുബൈ മെട്രോയുടെ 15ാം വാർഷികവുമായി ബന്ധപ്പെട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈയിലെ ലീഗോ ലാൻഡ് റിസോർട്ടിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സമാപ്പിച്ചു. മെട്രോ ആരംഭിച്ച 2009 സെപ്റ്റംബർ ഒമ്പതിന് ജനിച്ച ‘മെട്രോ ബേബി’കൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചത്.
ലീഗോ ലാൻഡ് ദുബൈ റിസോർട്ടിൽ ശനിയാഴ്ച നടന്ന ആഘോഷ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടികളെ രസകരമായ വ്യത്യസ്ത രീതിയിലുള്ള കളികളുമായാണ് വരവേറ്റതെന്ന് ആർ.ടി.എയുടെ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ റാശിദ് അബ്ദുൽ കരീം അൽ മുല്ല പറഞ്ഞു.
ദുബൈയിലെ ബിസിനസ് മേഖലകളുമായി സഹകരിച്ച് വികസന പദ്ധതികൾ നടപ്പിലാക്കുക മാത്രമല്ല, പൊതു സമൂഹത്തിനൊപ്പം ചേർന്ന് നിരവധി ആഘോഷ പരിപാടികളും പ്രമോഷനുകളും ആർ.ടി.എ സംഘടിപ്പിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുമായി സംവദിക്കുന്ന വിവിധ സെഷനുകളുമായാണ് പരിപാടി ആരംഭിച്ചത്.
തുടർന്ന് ആഘോഷങ്ങളുടെ ഭാഗമായുള്ള കേക്ക് മുറിക്കുന്ന ചടങ്ങുകളും നടന്നു. ലീഗോ ലാൻഡ് എന്റർടൈൻമെന്റ് ടീം ഒരുക്കിയ നൃത്ത പരിപടികളും അരങ്ങേറി. മെട്രോ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുബൈയിലെ തെരഞ്ഞെടുത്ത ചില മെട്രോ സ്റ്റേഷനുകളിൽ സെപ്റ്റംബർ 21 മുതൽ 27 വരെ ലൈവ് മ്യൂസിക് പ്രോഗ്രാമുകളും ആർ.ടി.എ സംഘടിപ്പിക്കുന്നുണ്ട്. ബ്രാൻഡ് ദുബൈ ആണ് പരിപാടിയുടെ സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.