ഈവർഷം ദുബൈയിൽ എത്തിയത് ഇരട്ടിയിലേറെ സന്ദർശകർ
text_fieldsദുബൈ: കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈവർഷം ദുബൈയിൽ എത്തിയത് ഇരട്ടിയിലേറെ അന്താരാഷ്ട്ര സന്ദർശകർ. ഈ വർഷത്തെ ആദ്യ പത്ത് മാസത്തിനിടെ എത്തിയത് 1.14 കോടി സന്ദർശകരാണ്. 2021നെ അപേക്ഷിച്ച് 134 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് ഇന്ത്യയിൽനിന്നാണ്, 14 ലക്ഷം. അതേസമയം, 2019നെ അപേക്ഷിച്ച് 15 ശതമാനം കുറവ് സന്ദർശകരാണ് ഇക്കുറി എത്തിയിരിക്കുന്നത്. 2019ൽ 1.35 കോടി അന്താരാഷ്ട്ര യാത്രക്കാർ എത്തിയിരുന്നു. എന്നാൽ, കോവിഡ് എത്തിയതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വീണ്ടും പഴയ നില വീണ്ടെടുക്കുന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള യാത്രക്കാരുടെ ഒഴുക്ക്. ഇന്ത്യയിൽനിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 116 ശതമാനം വർധനവുണ്ടായി. ഇന്ത്യ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഒമാനാണ്, 11 ലക്ഷം യാത്രക്കാർ. സൗദിയിൽ നിന്ന് 9,93,000, യു.കെയിൽ നിന്ന് 8,32,000 സന്ദർശകരും എത്തി. അഞ്ചാം സ്ഥാനത്തുള്ള റഷ്യയിൽ നിന്ന് എത്തിയത് 548,000 പേരാണ്.
അതേസമയം, ഇസ്രായേലിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വൻ കുതിപ്പുണ്ടായിട്ടുണ്ട്. 1.71 ലക്ഷം സന്ദർശകർ എത്തിയപ്പോൾ മുൻ കാലങ്ങളെ അപേക്ഷിച്ച് 239 ശതമാനമാണ് വർധിച്ചത്. മേഖലാതലത്തിലെ കണക്ക് പരിശോധിച്ചാൽ ജി.സി.സി രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ യാത്രക്കാരും ദുബൈയിൽ എത്തിയത്, 22 ശതമാനം. വെസ്റ്റേൺ യൂറോപ്പിൽനിന്ന് 20 ശതമാനം, ദക്ഷിണേഷ്യയിൽനിന്ന് 17 ശതമാനം, മെന മേഖലയിൽനിന്ന് 12 ശതമാനം എന്നിങ്ങനെയാണ് യാത്രക്കാർ. ഹോട്ടലിൽ എത്തുന്നവരുടെ എണ്ണം 63.7 ശതമാനത്തിൽ നിന്ന് 71.5 ശതമാനമായി വർധിച്ചു. എന്നാൽ, 2019ൽ ഇത് 73.8 ശതമാനമായിരുന്നു. 2031ഓടെ നാലു കോടി ഹോട്ടൽ അതിഥികളെ ദുബൈയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതുവഴി ജി.ഡി.പിയിൽ 450 ശതകോടി ദിർഹമിന്റെ വർധനവാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.