അവർ വീണ്ടും ഒന്നിച്ചു; ദുഃഖങ്ങൾ പങ്കിടാൻ
text_fieldsദുബൈ: അബൂ ഹെയ്ലിലെ മൊറോക്കൻ റസ്റ്റാറന്റിലെ അടുക്കളക്ക് ഇന്നലെ രുചിയുടെ മണമുണ്ടായിരുന്നില്ല. പക്ഷേ, നല്ല തിരക്കായിരുന്നു. ജീവിതത്തിലെ സന്തോഷനിമിഷങ്ങൾ ഉറ്റവർക്കൊപ്പം പങ്കിടാൻ ഒരു ടേബിളിൽ ഒരുമിച്ചു കൂടിയിരുന്നവർ ഇന്നലെ വീണ്ടും ഒന്നിച്ചതായിരുന്നു. അതുപക്ഷേ, ഭക്ഷണം കഴിക്കാനായിരുന്നില്ല. ഉറ്റവരുടെ വേർപാടിൽ പരസ്പരം ആശ്വാസമാകാനായിരുന്നു. ആശ്ലേഷിച്ചും പൊട്ടിക്കരഞ്ഞും അവർ സങ്കടങ്ങൾ കൈമാറി.
ഭൂകമ്പത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട മൊറോക്കൻ ജനതക്ക് ദുഃഖം പങ്കിടാനായി ഒരു ദിവസത്തെ പ്രവർത്തനം നിർത്തിവെച്ച് അഭയകേന്ദ്രമൊരുക്കുകയായിരുന്നു ദുബൈയിലെ മൊറോക്കൻ റസ്റ്റാറന്റ്. അബൂ ഹെയ്ൽ പരിസരത്ത് പ്രവർത്തിക്കുന്ന അൽ ബൗഗാസ് അൽ സമഗ്രിബി ഹോട്ടലാണ് യു.എ.ഇയിൽ താമസിക്കുന്ന മൊറോക്കൻ പൗരൻമാർക്കായി തിങ്കളാഴ്ച കച്ചവടം താൽകാലികമായി അവസാനിപ്പിച്ച് അഭയകേന്ദ്രമൊരുക്കിയത്. ദുഃഖിതരായ മൊറോക്കൻ ജനതക്ക് ഒരുമിച്ച് കൂടാനും പരസ്പരം ആശ്വാസമാകാനും താങ്ങാകാനും ഇടം ഒരുക്കുകയെന്നതായിരുന്നു ലക്ഷ്യം.
മൊറോക്കോയിലെ തങ്ങളുടെ കുടുംബങ്ങൾക്ക് പിന്തുണ അർപ്പിക്കുന്നതിനാണ് ഇത്തരമൊരു ആശയം നടപ്പാക്കിയതെന്ന് ഹോട്ടൽ ഉടമ ഹിജാം ഹൻസാലി പറഞ്ഞു. ‘മൊറോക്കോയിലായിരുന്നെങ്കിൽ ഞങ്ങൾക്ക് സഹായം ചെയ്യാനാവുമായിരുന്നു. പക്ഷെ, ഇപ്പോൾ വളരെ അകലെയാണ്. ഈ സമയം നമുക്ക് ഇതേ ചെയ്യാനാവൂ- അദ്ദേഹം പറഞ്ഞു. കുടുംബത്തെ വിട്ടുപിരിഞ്ഞ് യു.എ.ഇയിൽ തനിച്ച് താമസിക്കുന്നവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും സ്വീകരിക്കാനുമുള്ള ഇടമൊരുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇതിനായി പ്രചാരണം നടത്തിയിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഹൻസാലി പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ട ജനതക്ക് അടിയന്തരസഹായം ആവശ്യമായ സമയമാണിത്.
അതിനായി എല്ലാവരുടേയും സഹായം അഭ്യർഥിക്കുകയാണ്. ഭക്ഷണവും മരുന്നും ബ്ലാങ്കറ്റും ഉൾപ്പെടെ സഹായമെത്തിക്കാൻ കഴിയുന്നവർക്ക് ബന്ധപ്പെടാമെന്ന് ദുബൈയിലെ നുജൂം പബ്ലിക് റിലേഷൻസ് കമ്പനി നടത്തുന്ന മൊറോക്കൻ പൗരനായ അഹമ്മദ് അൽ മലൗലി പറഞ്ഞു. സർക്കാറുമായി സഹകരിച്ച് സഹായമെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.