നഗര സുരക്ഷക്കായി നിരീക്ഷണം ശക്തമാക്കി ദുബൈ മൗണ്ടഡ് പൊലീസ്
text_fieldsദുബൈ: ഈ വർഷം ആദ്യ പകുതിയിൽ ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ നടത്തിയത് 790 പൊലീസ് പട്രോളിങ്ങുകൾ. 106 ആഘോഷ പരിപാടികളിലായി പൊലീസ് സാന്നിധ്യം 100 ശതമാനം ഉറപ്പുവരുത്താൻ സാധിച്ചതായും ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് ഈസ അൽ അദബ് പറഞ്ഞു. 790 പട്രോളിങ്ങിലൂടെ ആറുമാസത്തിനിടെ നിയമലംഘനം കണ്ടെത്തിയ 576 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കൂടാതെ ആറ് കുറ്റവാളികളെയും പിടികൂടാനായി.
462 ട്രാഫിക് ഫൈനുകളും പുറത്തിറക്കി. സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും മറ്റ് പൊലീസ് സ്റ്റേഷനുകൾക്കും കൈമാറാനും സാധിച്ചു. ‘റൈഡ് വിത് ദുബൈ മൗണ്ടഡ് പൊലീസ്’ സംരംഭത്തിന്റെ ഭാഗമായി വളന്റിയർമാരുടെ പങ്കാളിത്തത്തോടെ 92 പട്രോളിങ്ങുകളും സംഘടിപ്പിക്കാനായി. ആറുമാസത്തിനിടെ ആഭ്യന്തരതലത്തിൽ അഞ്ചെണ്ണവും ബാഹ്യതലത്തിൽ 45 എണ്ണവും ഉൾപ്പെടെ 106 പരിപാടികളും ദുബൈ മൗണ്ടഡ് പൊലീസ് നടത്തിയിട്ടുണ്ട്. വ്യത്യസ്ത പരിപാടികൾക്കായി 20 കുതിരകളെ പരിശീലിപ്പിച്ചതിൽ 10 എണ്ണം കുതിരയോട്ടത്തിന് യോഗ്യത നേടി.
സമൂഹത്തിൽ സുരക്ഷയും സന്തോഷവും നിലനിർത്തുന്നതിൽ സുപ്രധാനമായ പങ്കാണ് ദുബൈ മൗണ്ടഡ് പൊലീസ് നിർവഹിക്കുന്നതെന്നും താമസയിടങ്ങൾ, വാണിജ്യ ഏരിയകൾ, വിനോദ കേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ദുബൈ പൊലീസിന്റെ പട്രോളിങ് സംവിധാനത്തിൽ ദുബൈ മൗണ്ടഡ് പൊലീസ് അവിഭാജ്യമായ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത ഇടുങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തി കുറ്റകൃത്യങ്ങൾ തടയാനും പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെയുള്ള കുറ്റവാളികളെ പിടികൂടാനും പട്രോളിങ് സംവിധാനം ഏറെ നിർണായക പങ്കാണ് നിർവഹിക്കുന്നത്. ഭിന്നശേഷി കുട്ടികൾക്ക് ചികിത്സയുടെ ഭാഗമായുള്ള കുതിര സവാരി പ്രോഗ്രാമുകളും പുരുഷ, വനിത കാഡറ്റുകൾക്ക് കുതിര പരിശീലന പരിപാടികളും ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ സംഘടിപ്പിച്ചുവരുന്നുണ്ട്. നിലവിൽ മൗണ്ടഡ് പൊലീസ് സ്റ്റേഷന്റെ കീഴിൽ പരിശീലനം നേടിയ 100 കുതിരകൾ ഉണ്ടെന്നും നഗര സുരക്ഷയിൽ ഇവയുടെ പങ്ക് നിർണായകമാണെന്നും മൗണ്ടഡ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ദാഹി അൽ ജല്ലാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.