ഭാവിയുടെ മ്യൂസിയത്തിന് ഒരു വയസ്;സന്ദർശിച്ചത് 10 ലക്ഷം പേർ
text_fieldsദുബൈ: ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന ടാഗ്ലൈനോടെ അവതരിച്ച ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വർഷം ഫെബ്രുവരി 22ന് തുറന്നുകൊടുത്ത മ്യൂസിയത്തിലേക്ക് ഇതുവരെ എത്തിയത് 10 ലക്ഷം സന്ദർശകരാണ്. 163 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഇവിടെയെത്തി. ഇതിന് പുറമെ ആയിരത്തോളം അന്താരാഷ്ട്ര പ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥരും വിദഗ്ധരും പ്രത്യേക അതിഥികളായി ഫ്യൂച്ചർ മ്യൂസിയം സന്ദർശിച്ചു. 180ഓളം ലോകസമ്മേളനങ്ങൾ നടന്നു. സാങ്കേതികവിദ്യ, സാമ്പത്തികം, വ്യവസായം, ബഹിരാകാശം, വിനോദസഞ്ചാരം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരിപാടികൾ. ദക്ഷിണകൊറിയ, എസ്തോണിയ, ലക്സംബർഗ്, ചൈന, ഗ്രീസ്, ഹോങ്കോങ്, തായ്ലൻഡ്, റുവാണ്ട, മൊറീഷ്യസ് എന്നിവിടങ്ങളിലെ 10 സർക്കാർ തലവന്മാരും പ്രതിനിധികളും എത്തി. ആഗോളതലത്തിലുള്ള സ്ഥാപനങ്ങളുടെയും വ്യവസായ മാഗസിനുകളുടെയും 10 അന്താരാഷ്ട്ര അവാർഡ് സ്വന്തമാക്കി. ലീഡ് പ്ലാറ്റിനം സ്റ്റാറ്റസും നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ 200ഓളം മാധ്യമപ്രവർത്തകർ എത്തുകയും വാർത്തകൾ ചെയ്യുകയും ചെയ്തു.
2015ലാണ് ഫ്യൂച്ചർ മ്യൂസിയം പ്രഖ്യാപിച്ചത്. യു.എ.ഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം എമിറേറ്റ്സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കവിതയാണ് കാലിഗ്രഫി രൂപത്തിൽ ഫ്യൂച്ചർ മ്യൂസിയത്തെ പൊതിഞ്ഞിരിക്കുന്നത്. 2016ൽ നിർമാണം തുടങ്ങിയ ഫ്യൂച്ചർ മ്യൂസിയത്തിലെ അറബിക് കാലിഗ്രഫിക്ക് 14,000 മീറ്റർ നീളമുണ്ട്. ഏഴുനില കെട്ടിടത്തിന് 77 മീറ്ററാണ് ഉയരം. ഇതിൽ 17,600 ചതുരശ്ര മീറ്ററും സ്റ്റീലാണ്. 14 കിലോമീറ്റർ നീളത്തിൽ എൽ.ഇ.ഡി ലൈറ്റുകളുണ്ട്.
എക്സിബിഷൻ, ഇമ്മേഴ്‌സിവ് തിയറ്റർ തുടങ്ങിയവ സംയോജിപ്പിച്ച സംവിധാനമാണ് കെട്ടിടത്തിനകത്ത്. ഏഴു നിലകളുള്ള ഉൾഭാഗം സിനിമ സെറ്റുപോലെ താമസിക്കാനും പങ്കുവെക്കാനും സംവദിക്കാനും കഴിയുന്ന സ്ഥലമായാണ് നിർമിച്ചിരിക്കുന്നത്. മൂന്നു നിലകളിലെ എക്‌സിബിഷനിൽ ബഹിരാകാശ സഞ്ചാരം, എക്കോസിസ്റ്റം, ബയോ എൻജിനീയറിങ്, ആരോഗ്യം, ആത്മീയത എന്നീ കാര്യങ്ങൾ വിഷയമായി വരുന്നുണ്ട്. വൃത്താകൃതിയിലുള്ള കെട്ടിടത്തിന്‍റെ രൂപം മനുഷ്യത്വത്തെയും താഴ്ഭാഗത്തെ പച്ചനിറത്തിലെ ഭാഗം ഭൂമിയെയും ഒഴിഞ്ഞഭാഗം വരാനിരിക്കുന്ന അജ്ഞാതമായ ഭാവിയെയും പ്രതിനിധാനം ചെയ്യുന്നു. 149 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നിശ്ചയദാർഢ്യ വിഭാഗം, മൂന്നു വയസ്സിൽ താഴെയുള്ളവർ, 60 പിന്നിട്ട ഇമാറാത്തി പൗരന്മാർ, അവരെ പരിചരിക്കുന്നവർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. ഫ്യൂച്ചർ മ്യൂസിയത്തിന്‍റെ പ്രധാന ഹാളിലേക്ക് കയറുന്നതിന് ടിക്കറ്റ് ആവശ്യമില്ല. ടിക്കറ്റുകൾ museumofthefuture.ae/en/book എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.