ദുബൈയിലെ പുതിയ റോഡ് വികസന പദ്ധതി പകുതി പിന്നിട്ടു
text_fieldsദുബൈ: എമിറേറ്റിലെ ഗർന് അൽ സബ്ഖ-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇടനാഴി വികസന പദ്ധതി 50 ശതമാനം പിന്നിട്ടതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വെളിപ്പെടുത്തി. ഷാർജ ഭാഗത്തേക്കടക്കം നിലവിലുള്ള യാത്രസമയം 70 ശതമാനം വരെ കുറക്കാൻ സഹായിക്കുന്നതാണ് പദ്ധതി. 2874 മീറ്റർ നീളത്തിൽ നാലു റോഡുകൾ ഉൾപ്പെടുന്ന പദ്ധതി പൂർത്തിയായാൽ മണിക്കൂറിൽ 17,600 വാഹനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും. ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഗർന് അൽ സബ്ഖ സ്ട്രീറ്റ് വികസിപ്പിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് റോഡ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ടു റോഡുകളിലെ ഗതാഗതം സുഗമമാകാൻ പദ്ധതി ഉപകരിക്കും.
നിലവിൽ പാലങ്ങളുടെ അടിത്തറയുടെയും നിരകളുടെയും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. പാലത്തിന് ഭിത്തികൾ സ്ഥാപിക്കുക, ഇരുമ്പ് സപ്പോർട്ടുകൾ സ്ഥാപിക്കുക, റോഡുകൾ വികസിപ്പിക്കുക, ലൈറ്റിങ് ജോലികൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം എന്നിവയുടെ നിർമാണമാണ് പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയായാൽ ഗർന് അൽ സബ്ഖ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴി അൽ ഖിസൈസിലേക്കും ഷാർജയിലേക്കും പോകുന്ന ഗതാഗതത്തിന് യാത്രസമയം 40 ശതമാനം കുറയും.
നാലു പാലങ്ങളിൽ ആദ്യത്തേത് ഗർന് അൽ സബ്ഖ, അൽ അസായിൽ തെരുവുകളുടെ കവലയിലാണ് നിർമിക്കുന്നത്. ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവക്കിടയിലെ ഗതാഗതം സുഗമമാക്കുന്നതാണ് ഈ രണ്ടു വരിപ്പാലം. രണ്ടാമത്തേത് ഗർന് അൽ സബ്ഖ സ്ട്രീറ്റിൽനിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് നിർമിക്കുന്നതാണ്. ഇത് അൽ ഖിസൈസിലേക്കും ഷാർജയിലേക്കും ഗതാഗതം കൂടുതൽ എളുപ്പമാക്കും. മൂന്നാമത്തേത് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് വടക്കോട്ട് ജബൽ അലി തുറമുഖ ദിശയിലെ അൽ യലായിസ് റോഡിലേക്ക് പോകുന്ന ഓവർലാപ്പിങ് ട്രാഫിക് ഒഴിവാക്കും.
നാലാമത്തേത് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ദുബൈ പ്രൊഡക്ഷൻ സിറ്റിയുടെ സർവിസ് റോഡിലേക്കുള്ള ട്രാഫിക് ഓവർലാപ്പിങ് ഒഴിവാക്കുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.