പുതുവത്സരാഘോഷം: ദുബൈയിൽ ശുചീകരണം റെക്കോഡ് വേഗത്തിൽ
text_fieldsദുബൈ: എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ പുതുവത്സരാഘോഷത്തെ തുടർന്നുണ്ടായ മാലിന്യം റെക്കോഡ് വേഗത്തിൽ വൃത്തിയാക്കി ദുബൈ മുനിസിപ്പാലിറ്റി. പുതുവത്സര രാവ് പിന്നിട്ട് രാവിലെ ആറു മണിയാകുമ്പോഴേക്കും വൃത്തിയാക്കൽ പൂർത്തീകരിച്ചതായി അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ശുചീകരണത്തിന് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള 114 ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗം അതിവേഗം പ്രവർത്തിച്ചത്. 2241 തൊഴിലാളികളും 166 സൂപ്പർ വൈസർമാരും 189 വളന്റിയർമാരും പ്രവർത്തനത്തിൽ പങ്കാളികളായി.
പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ട്, മറ്റു പരിപാടികൾ എന്നിവയുടെ മാലിന്യവും സാധാരണയുണ്ടാകുന്ന മാലിന്യവും ശുചീകരണ യജ്ഞത്തിൽ നീക്കംചെയ്തിട്ടുണ്ട്. പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ നിർദേശിക്കപ്പെട്ട ആരോഗ്യ, സുരക്ഷ, ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ 90 പരിശോധനകളും സംഘടിപ്പിച്ചിട്ടുണ്ട്. എമിറേറ്റിലെ 43 സ്ഥലങ്ങളിലെ പരിപാടികളാണ് മുനിസിപ്പാലിറ്റി സംഘം നിരീക്ഷിച്ചത്. ബുർജ് ഖലീഫ സൈറ്റിൽ മാത്രം 32 നിരീക്ഷകരെയാണ് നിയമിച്ചത്. ആകെ ജീവനക്കാരും സൂപ്പർവൈസർമാരും അടക്കം 84 പേർ ഇതിന്‍റെ ഭാഗമായി.
ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി, ദുബൈ ഫ്രെയിം, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, അറ്റ്ലാൻറിസ് ദ പാം, പാം ബീച്ച്, ലാ മെർ, ബ്ലൂ വാട്ടേഴ്സ് ഐലൻഡ്, അൽ സീഫ്, ജുമൈറ ബീച്ച്-ബുർജ് അൽ അറബ്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന ആഘോഷങ്ങൾ നടന്നത്. ദുബൈ ഫ്രൈം പരിസരത്ത് മാത്രം 20,000 പേരാണ് പങ്കെടുത്തത്. പുതുവത്സര രാവിൽ ദുബൈ പൊതുഗതാഗത സംവിധാനം 21 ലക്ഷം പേർ ഉപയോഗിച്ചതായി കഴിഞ്ഞ ദിവസം ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.