മുഖ്യമന്ത്രിക്ക് ദുബൈയിലും പൗര സ്വീകരണം
text_fieldsദുബൈ: അബൂദബിക്കു പിന്നാലെ ദുബൈയിലും കേരള മുഖ്യമന്ത്രി പിണറായി വിജയന് പൗരസ്വീകരണമൊരുക്കും. നോർക്കയുടെ നേതൃത്വത്തിൽ ദുബൈയിലെയും മറ്റു വടക്കൻ എമിറേറ്റുകളിലെ വിവിധ മലയാളി സംഘടനകളെ ചേർത്ത് മേയ് 10ന് ദുബൈ അൽനാസർ ലെഷർ ലാൻഡിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരും സ്വീകരണം ഏറ്റുവാങ്ങും.
അബൂദബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന ആനുവൽ ഇൻവെസ്റ്റ്മെൻറ് മീറ്റിൽ (എ.ഐ.എം) പങ്കെടുക്കാനായി മേയ് ഏഴിനാണ് മുഖ്യമന്ത്രിയും സംഘവും യു.എ.ഇയിൽ എത്തുന്നത്. ഏഴിന് അബൂദബിയിൽ നടക്കുന്ന പൊതുപരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും. ദുബൈയിലെ പരിപാടിക്കു മുന്നോടിയായി ഫ്ലോറ ക്രീക്ക് ഹോട്ടലിൽ സ്വാഗതസംഘ രൂപവത്കരണ യോഗം ചേർന്നു. നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ രാജൻ മാഹി സ്വാഗതം പറഞ്ഞു.
ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും മലയാളി സംഘടനകളുടെ പ്രതിനിധികളായി പങ്കെടുത്ത 351 പേർ അടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ സംഘടനാ പ്രതിനിധികളെയും ലോക കേരളസഭ അംഗങ്ങളെയും മലയാളി പൗരപ്രമുഖരെയും ഉൾപ്പെടുത്തി 51 അംഗ പ്രവർത്തകസമിതിയും രൂപവത്കരിച്ചു.
നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.എ. യൂസുഫലി, ഡോ. ആസാദ് മൂപ്പൻ, രവി പിള്ള, സി.വി. റപ്പായി, ജെ.കെ. മേനോൻ എന്നിവർ മുഖ്യരക്ഷാധികാരികളാണ്. ഡോ. കെ.പി. ഹുസൈൻ ചെയർമാനും ഒ.വി. മുസ്തഫ ജനറൽ കൺവീനറും അബ്ദുൽ ജബ്ബാർ, ഷംലാൽ അഹ്മദ്, വി.എ. ഹസൻ, കെ.എം. നൂറുദ്ദീൻ, ഷംസുദ്ദീൻ മുഹ്യിദ്ദീൻ എന്നിവർ സഹ രക്ഷാധികാരികളുമാണ്. എൻ.കെ. കുഞ്ഞുമുഹമ്മദ്, രാജൻ മാഹി, ആർ.പി. മുരളി എന്നിവർ കോഓഡിനേറ്റർമാരായി പ്രവർത്തിക്കും. ജോയന്റ് കൺവീനർമാരായി മുഹമ്മദ് റാഫി, റിയാസ് കൂത്തുപറമ്പ്, ഹമീദ് (ഷാർജ), സൈമൺ (ഫുജൈറ), മോഹനൻ പിള്ള (റാസൽഖൈമ) എന്നിവരെയും തീരുമാനിച്ചു. സാമ്പത്തിക നിയന്ത്രണ ചുമതല പി.എ. അബ്ദുൽ ജലീൽ നിർവഹിക്കും. പ്രചാരണ കമ്മിറ്റിയും വളന്റിയർ കമ്മിറ്റിയും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.