സിനിമ ചിത്രീകരണം; കൂടുതൽ സേവനങ്ങളുമായി ദുബൈ പൊലീസ്
text_fieldsദുബൈ: സിനിമ-ടെലിവിഷൻ നിർമാണ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലഘൂകരിച്ച കൂടുതൽ സേവനങ്ങൾ വിശദീകരിച്ച് ദുബൈ പൊലീസ്. ദുബൈ ഫിലിം ആൻഡ് ടെലിവിഷൻ കമീഷനുമായി സഹകരിച്ച് അന്താരാഷ്ട ഫിലിം ആൻഡ് ടെലിവിഷൻ നിർമാണ കമ്പനികൾക്കായി നടത്തിയ വർക്ക്ഷോപ്പിലാണ് പുതിയ സേവനങ്ങൾ ദുബൈ പൊലീസ് വിശദീകരിച്ചത്. വിവിധ സിനിമ, ടെലിവിഷൻ നിർമാണ കമ്പനികളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം പേർ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ചലച്ചിത്ര-ടെലിവിഷൻ നിർമാണ രംഗത്തുള്ളവർക്ക് ആവശ്യമായ അനുമതികളും നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നതിനാണ് ശിൽപശാല രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ദുബൈ ഫിലിം ആൻഡ് ടി.വി കമീഷനിലെ ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അൽ ജനാഹി പറഞ്ഞു.
സിനിമ നിർമാണത്തിന് ദുബൈ പൊലീസിന്റെ പെട്രോൾ കാറുകൾ, യൂനിഫോമുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് റേഡിയോ ആൻഡ് ടെലിവിഷൻ വിഭാഗത്തിന്റെയും സെക്യൂരിറ്റി മീഡിയ ഡിപ്പാർട്മെന്റിന്റെയും തലവനായ മേജർ അഹമ്മദ് അൽ മസൂരി വിശദീകരിച്ചു. പൊലീസ് ബാരിക്കേഡുകൾ, സൈനിക ഉപകരണങ്ങൾ, ഗതാഗത നിയന്ത്രണ ഉപകരണങ്ങൾ, ദുബൈ ട്രാഫിക് പൊലീസിന്റെ ആഡംബര നിരീക്ഷണ വാഹനങ്ങൾ എന്നിവ സിനിമക്കായി ഉപയോഗിക്കാനുള്ള അനുമതി നേടുന്നത് സംബന്ധിച്ചും പ്രധാന ലൊക്കേഷനുകളിൽ സിനിമ ചിത്രീകരണം നടത്തുന്നതിനുള്ള അനുമതി ലഭിക്കുന്നത് സംബന്ധിച്ചും ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയിൽനിന്നുള്ള ലഫ്റ്റനന്റ് മുറാദ് അലി സബാൻ വിശദീകരിച്ചു.
ദുബൈയിലെ ഇരുനൂറോളം പ്രധാന ലൊക്കേഷനുകൾ, 11 ബീച്ചുകൾ, എട്ട് പരിസ്ഥിതി സൗഹൃദ മേഖലകൾ എന്നിവിടങ്ങളിൽ സിനിമ ചിത്രീകരിക്കാനുള്ള അനുമതി നേടുന്നതിനുള്ള നടപടികൾ ദുബൈ മുനിസിപ്പാലിറ്റി വർക്ക് ഷോപ്പിൽ പരിചയപ്പെടുത്തി. കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയമ നടപടികളെക്കുറിച്ചും സിനിമ നടന്മാർ ഉൾപ്പെടെയുള്ളവർക്കുള്ള പ്രവേശനാനുമതി ലഭിക്കുന്നത് സംബന്ധിച്ചുമാണ് ദുബൈ കസ്റ്റംസ് ഡിപ്പാർട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥനായ അഹമ്മദ് മുസ് ലിഹ് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.