അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ദുബൈ പൊലീസ്
text_fieldsദുബൈ: ആഗോള തലത്തിൽ 15 രാഷ്ട്രങ്ങളിലെ നിയമ നിർവഹണ സംവിധാനങ്ങൾ ഒരുമിച്ച് നടത്തിയ ഓപറേഷനിൽ സുപ്രധാന പങ്കുവഹിച്ച് ദുബൈ പൊലീസ്. ‘ഓപറേഷൻ പിറ്റ് സ്റ്റോപ്’ എന്ന ഓപറേഷനിലൂടെ നിരവധി അന്താരാഷ്ട്ര കുറ്റവാളികളെ ഇതിനകം പിടികൂടിയിട്ടുണ്ട്. 1.6 കോടി ദിർഹം നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെയാണ് ദുബൈ പൊലീസ് ഏറ്റവുമൊടുവിൽ പിടികൂടിയത്. ജപ്പാനിൽനിന്ന് യു.എ.ഇയിൽ വന്നിറങ്ങിയ ഇയാളെ തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
നികുതി വെട്ടിപ്പ് നടത്തുന്ന വൻ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് പിടിയിലായത്. സ്പെയിൻ, റുമേനിയ, എസ്തോണിയ എന്നിവിടങ്ങളിലെ കമ്പനികൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ, ഇറ്റലി കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി 40 ദശലക്ഷം യൂറോ മൂല്യമുള്ള കച്ചവടം നടത്തിയതായി കാണിച്ച് തെറ്റായ മൂല്യവർധിത നികുതി വെളിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
സങ്കീർണമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയുന്നതിന് വിവിധ രാജ്യങ്ങളിലെ നിയമ നിർവഹണ ഏജൻസികളുമായി വിവരങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടുന്നതിൽ വിവിധ അതിർത്തികളിൽ ദുബൈ പൊലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ലോകത്തെ ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ നഗരത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്, സുരക്ഷ ഉറപ്പുവരുത്താൻ കാര്യക്ഷമതയും ഏറ്റവും മികച്ച രീതികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെയും നിരവധി സന്ദർഭങ്ങളിൽ അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടുന്നതിൽ സുപ്രധാന പങ്കുവഹിക്കാൻ ദുബൈ പൊലീസിന് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.