തൊഴിലാളികൾക്ക് വെള്ളവും ജ്യൂസും നൽകി ദുബൈ പൊലീസ്
text_fieldsദുബൈ: എമിറേറ്റിലെ 600ലധികം തൊഴിലാളികൾക്ക് കനത്ത ചൂടിൽ ആശ്വാസം പകർന്ന് ദുബൈ പൊലീസ്. ജലസഹായം എന്നർഥമുള്ള ‘സഖിയ’ സംരംഭത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് വെള്ളവും ജ്യൂസുമാണ് പൊലീസിന്റെ മനുഷ്യാവകാശ വകുപ്പ് വിതരണം ചെയ്തത്. വേനൽച്ചൂടിന്റെ ആഘാതം ലഘൂകരിക്കാനും ദുബൈ സമൂഹത്തിൽ അനുകമ്പയുടെയും ഉദാരതയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പൊലീസിന്റെ സംരംഭം ലക്ഷ്യമിടുന്നത്. മറ്റുള്ളവരെ സഹായിച്ചുകൊണ്ട് സാഹോദര്യത്തിന്റെയും മാനവികതയുടെയും മനോഭാവം വളർത്തുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് രൂപപ്പെടുത്തിയ കമ്യൂണിറ്റി പരിപാടികളുടെ ഭാഗമാണ് സംരംഭമെന്ന് പൊലീസ് മനുഷ്യാവകാശ വിഭാഗത്തിലെ തൊഴിലാളി അവകാശ വകുപ്പ് മേധാവി മേജർ ഹമദ് അൽ ശംസി പറഞ്ഞു. താപനില ഉയരുന്ന സാഹചര്യത്തിൽ പുറത്ത് ജോലി ചെയ്യുന്നവർക്ക് ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ യു.എ.ഇ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനകൾ, വിശ്രമ കേന്ദ്രങ്ങൾ, സൗജന്യ ഐസ്ക്രീം, ഉച്ചഭക്ഷണം എന്നിവ ഇതിൽ ഉൾപ്പെടും. എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇ.ആർ.സി) ‘ദ വാട്ടർ എയ്ഡ് ഇനിഷ്യേറ്റിവ്’ എന്ന പേരിൽ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കഴിഞ്ഞ ദിവസങ്ങളിൽ ചില മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഐസ്ക്രീം വിതരണവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.