വിദ്യാർഥികൾക്ക് ആംഗ്യഭാഷ പരിശീലനം നൽകി ദുബൈ പൊലീസ്
text_fieldsദുബൈ: സ്കൂൾ വിദ്യാർഥികൾക്ക് ആംഗ്യഭാഷയിൽ വർക്ഷോപ് സംഘടിപ്പിച്ച് ദുബൈ പൊലീസ്. പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ആൻഡ് പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ എംപവർമെന്റ് കൗൺസിലാണ് ‘നമ്മുടെ കൈകൾ സംസാരിക്കട്ടെ’ എന്ന പേരിൽ ആംഗ്യഭാഷ പരിശീലനത്തിനായി വർക്ക്ഷോപ് സംഘടിപ്പിച്ചത്.
അൽ ഖർഹൂദിലെ അൽ മവാക്കിബ് സ്കൂളിൽ നടന്ന പരിപാടിയിൽ 168 കുട്ടികൾ പങ്കെടുത്തു. ഹെമായ ഇന്റർനാഷനൽ സെന്റർ, സേഫ്റ്റി അംബാസഡർ കൗൺസിൽ, സ്കൂൾ സെക്യൂരിറ്റി സംരംഭം എന്നിവരുമായി കൈകോർത്താണ് പരിപാടി സംഘടിപ്പിച്ചത്.
ആംഗ്യഭാഷയിലെ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും അവബോധം വളർത്തുകയുമാണ് ലക്ഷ്യമെന്ന് നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ശാക്തീകരണ കൗൺസിൽ ചെയർപേഴ്സൺ മേജർ അബ്ദുല്ല അൽ ശംസി പറഞ്ഞു.
സമൂഹത്തിൽ നിശ്ചയദാർഢ്യമുള്ള ആളുകളുടെ ഏകീകരണം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. രണ്ട് രീതിയിലാണ് ശാക്തീകരണം നടപ്പാക്കുന്നത്.
സമൂഹവുമായി ചേർന്ന് ജീവിക്കുന്നതിന് നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയെന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് നിശ്ചയദാർഢ്യ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് പൊതുജനങ്ങളെ പഠിപ്പിക്കുകയെന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.