തടവുകാർക്ക് 2.6കോടിയുടെ സഹായം നൽകി ദുബൈ പൊലീസ്
text_fieldsദുബൈ: തടവുകാരുടെയും കുടുംബങ്ങളുടെയും മാനുഷിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ദുബൈ പൊലീസ് ചെലവഴിച്ചത് 2.6കോടി ദിർഹം. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കാണ് പുറത്തുവിട്ടത്. ദുബൈ എമിറേറ്റിലെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും തടവുകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പൊലീസ് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കുറ്റവാളികൾക്ക് തെറ്റുതിരുത്താനും പുതിയ ജീവിതമാരംഭിക്കാനും സഹായകമാണ് പദ്ധതികളിലേറെയും.
യാത്ര ടിക്കറ്റ് നിരക്കിലും മറ്റുമാണ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 79 ലക്ഷംഈയിനത്തിൽ നൽകി. പെരുന്നാൾ വസ്ത്രം, റമദാൻ റേഷൻ എന്നിങ്ങനെ സംരംഭങ്ങൾക്ക് 8 ലക്ഷത്തിലേറെ ദിർഹവും ചെലവിട്ടു. തടവുകാരുടെ കടം വീട്ടൽ, ഖുർആൻ മനപ്പാഠമാക്കൽ കാര്യങ്ങൾക്കായി 10 ലക്ഷം ദിർഹവും ചികിത്സ സഹായമായി 61,885 ദിർഹവും ചെലവഴിച്ചു. ചികിത്സയിൽ വീൽചെയർ നൽകലും ഉൾപ്പെടും. കുടുംബങ്ങൾക്കുള്ള സഹായം 5 ലക്ഷം ദിർഹം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്കൂളിലേക്ക് അവശ്യവസ്തുക്കൾ വാങ്ങാനും 3.13 ലക്ഷം. അതോടൊപ്പം 20.5 ലക്ഷം ദിർഹം ദിയാധനമായും നൽകി.
തടവുകാരുമായും കുടുംബങ്ങളുമായും പ്രയാസഘട്ടങ്ങളിൽ ദുബൈ പൊലീസിലെ മാനുഷിക സഹായ വകുപ്പ് ഗുണപ്രദമായി ഇടപെടുന്നതായി ജയിൽ വകുപ്പ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൽ കരീം ജൽഫാർ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യ വികസനം, ആരോഗ്യ പരിപാലനം എന്നിവ ലഭ്യമാക്കുന്ന രീതി തടവുകാരുടെ കാര്യത്തിലുണ്ടാകേണ്ടതുണ്ട്. അവരുടെ മാനസികവും ശാരീരികവുമായ ക്ഷേമവും ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. ഇതിന് സംരംഭങ്ങൾ, പരിപാടികൾ എന്നിവ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുമുണ്ട്. ഇവ തടവുകാരെ മികച്ച തൊഴിൽ പശ്ചാത്തലത്തിലേക്കും ഗുണകരമായ മൂല്യങ്ങളിലേക്കും നയിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
തടവുകാരുടെ കാര്യത്തിൽ പൊലീസിനൊപ്പം വിവിധപ്രവർത്തന ഭാഗമായി ജീവകാരുണ്യ സ്ഥാപനങ്ങൾ, മാനുഷിക സംരംഭങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നിവരെ അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.