തടവുകാർക്ക് 46 ലക്ഷത്തിന്റെ സഹായം നൽകി ദുബൈ പൊലീസ്
text_fieldsദുബൈ: ഈ വർഷം ആദ്യ ആറുമാസത്തിൽ എമിറേറ്റിലെ തടവുകാർക്ക് 46 ലക്ഷം ദിർഹമിന്റെ സഹായം നൽകി ദുബൈ പൊലീസിന്റെ ജീവകാരുണ്യ വകുപ്പ്. പുരുഷ, വനിത തടവുകാർക്കാണ് സാമ്പത്തിക സഹായമായും മറ്റുമായി ഇത്രയും തുക ചെലവഴിച്ചത്. തടവുകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ പദ്ധതികൾ നടപ്പാക്കിയത്.
ഇമാറാത്തി സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പ്രതിഫലനമെന്ന നിലയിലാണ് പദ്ധതി രൂപപ്പെടുത്തിയത്. ജീവകാരുണ്യ പ്രവർത്തകർ, സ്ഥാപനങ്ങൾ, മാനുഷിക കൂട്ടായ്മകൾ എന്നിവരുടെ പങ്കാളിത്തത്തിലാണ് തടവുകാർക്കും കുടുംബത്തിനും സഹായങ്ങൾ നൽകിയത്.
തടവുകാർക്കായി ഒരുക്കിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ സഹായിച്ച ദാതാക്കൾക്ക് നന്ദിയറിയിക്കുന്നതായി പ്യൂണിറ്റിവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് വകുപ്പ് ആക്ടിങ് ഡയറക്ടർ ബ്രി. സലാഹ് ജുമാ ബൂ ഉസൈദ പറഞ്ഞു.
അന്തേവാസികൾ നേരിടുന്ന മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനായി ഹ്യൂമാനിറ്റേറിയൻ കെയർ ഡിപ്പാർട്മെന്റ് നിരവധി ചാരിറ്റബ്ൾ ഓർഗനൈസേഷനുകളിലേക്ക് ഫീൽഡ് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നും വകുപ്പ് മേധാവി ക്യാപ്റ്റൻ ഹബീബ് ഹുസൈൻ മുഹമ്മദ് അൽ സറൂനി പറഞ്ഞു.
വ്യത്യസ്ത രാജ്യക്കാരായ തടവുകാർക്ക് പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്. തടവുകാരുടെ കുടുംബാംഗങ്ങളുടെ പ്രയാസത്തിലും സഹായവുമായി അധികൃതർ എത്തിച്ചേർന്നു. അതോടൊപ്പം തടവുകാരുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുന്നതിന് അധികൃതർ മധ്യസ്ഥത വഹിക്കുകയും ചെയ്തു.
യാത്രാ ചെലവുകൾ വഹിക്കാൻ കഴിയാത്തവരുടെ നാടുകടത്തലിനും തുക ചെലവഴിച്ചിട്ടുണ്ട്. മതപരവും മാനുഷികവുമായ മൂല്യങ്ങൾ അടിസ്ഥാനമാക്കി ദുബൈ പൊലീസ് രൂപപ്പെടുത്തിയ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.