സങ്കീർണമായ കേസുകളിൽ തുമ്പുണ്ടാക്കി ദുബൈ പൊലീസ്; കുറ്റം തെളിയിക്കാൻ അത്യാധുനിക ഡി.എൻ.എ പരിശോധന
text_fieldsദുബൈ: ലോകത്തെ ഏറ്റവും നൂതനമായ ഡി.എൻ.എ പരിശോധന സംവിധാനങ്ങൾ കേസന്വേഷണത്തിന് ഉപയോഗപ്പെടുത്തി ദുബൈ പൊലീസ്. സങ്കീർണവും ദുരൂഹവുമായ കേസുകളിലടക്കം ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനും കുറ്റവാളികളെ പിടികൂടാനുമാണ് സംവിധാനം സഹായകരമാകുന്നത്.
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയിലെ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ദുബൈ പൊലീസ് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് വകുപ്പിലെ ശാസ്ത്രജ്ഞരാണ് നേതൃത്വം നൽകുന്നത്.
എയർ കണ്ടീഷനിങ് യൂനിറ്റുകളിൽ നിന്ന് വായു കണങ്ങൾ ശേഖരിച്ച് ഡി.എൻ.എ കണ്ടെത്തുന്നതു മുതൽ കുറ്റകൃത്യങ്ങൾ വളരെ വേഗത്തിൽ തെളിയിക്കാൻ നവീനമായ സംവിധാനങ്ങളാണ് ഉപയോഗിച്ചുവരുന്നത്.
ബെയ്ജിങ് മൈക്രോറെഡ് ജെനറ്റിക്സുമായി സഹകരിച്ച് വികസിപ്പിച്ച, 26 ഡി.എൻ.എ ബയോ മാർക്കറുകൾ പരിശോധിക്കാൻ ശേഷിയുള്ള മൈക്രോ റീഡർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ കണ്ടെത്തുന്നതിൽ 99 ശതമാനത്തിലധികം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ലഫ്. കേണൽ ഡോ. റാശിദ് അൽഗഫ്രിയാണ്വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
2016ൽ മരുഭൂമിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഫിലിപ്പീൻ സ്വദേശിനിയുടേതാണെന്നും, ഇവർ കൊല്ലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതും പിന്നീട് കൊലയാളിയെ പിടികൂടിയതും ഡി.എൻ.എ പരിശോധനയിലൂടെയുള്ള അന്വേഷണത്തിലായിരുന്നു. പിന്നീട് പല കേസുകളിലും ഈ സംവിധാനം ഏറെ ഉപയോഗിച്ചു. പ്രത്യേകിച്ച് ലൈംഗികാതിക്രമ കേസുകളിൽ കുറ്റവാളികളെ കണ്ടെത്തുന്നതിന് സംവിധാനം ഏറെ സഹായകരമായി.
ഫോറൻസിക് തെളിവുകളുടെ പരിശോധനയുമായി വിവിധ വിഭാഗങ്ങളിൽ നടന്ന ആഗോള കാര്യക്ഷമത ടെസ്റ്റുകളിൽ ദുബൈ പൊലീസ് നൂറുശതമാനം വിജയം നേടിയിരുന്നു.
ജീവശാസ്ത്രം, ഡി.എൻ.എ, ഡിജിറ്റൽ തെളിവുകൾ, സ്ഫോടകവസ്തുക്കൾ, വിരലടയാളം, ആയുധ ഉപകരണ പരിശോധന, ഫോറൻസിക് കെമിസ്ട്രി, ഡോക്യുമെന്റ് പരീക്ഷ, ഫോറൻസിക് ടോക്സിക്കോളജി, തെളിവുകളുടെ വിശകലനം തുടങ്ങിയ 62 മേഖലകൾ ഉൾപ്പെടുന്ന ടെസ്റ്റുകളിലാണ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലെ ഇന്റർനാഷനൽ സെന്റർ ഫോർ ഫോറൻസിക് സയൻസ് (ഐ.സി.എഫ്.എസ്) വിജയംവരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.