കുത്തൊഴുക്കിൽപെട്ട അഞ്ചു വാഹനങ്ങൾക്ക് രക്ഷകരായി പൊലീസ്
text_fieldsദുബൈ: ഹത്തയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കുത്തൊഴുക്കിൽപെട്ട അഞ്ചു വാഹനങ്ങളെ രക്ഷിച്ച് ദുബൈ പൊലീസ്. ഹത്ത റെസ്ക്യൂ ടീമംഗങ്ങളുമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലാവസ്ഥ മുന്നറിയിപ്പ് വന്നയുടൻ മേഖലയിൽ അധികൃതർ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എല്ലാ അടിയന്തര സാഹചര്യവും നേരിടാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് സംവിധാനം രൂപപ്പെടുത്തുകയും ചെയ്തിരുന്നു. കുത്തൊഴുക്കിൽപെട്ട നാലു വാഹനങ്ങൾ ഹത്ത പൊലീസ് സ്റ്റേഷനും ലാൻഡ് റെസ്ക്യൂ ടീമും യോജിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അപകടത്തെ അതിജീവിച്ചത്.യാത്രക്കാരെല്ലാം രക്ഷപ്പെട്ടു. ഹത്ത മലനിരയിലാണ് മറ്റൊരു വാഹനം അപകടത്തിൽപെട്ടത്. മലകൾക്കിടയിൽ കുടുങ്ങിയ വാഹനം മണ്ണിടിച്ചിൽ മേഖലയിൽനിന്ന് അടിയന്തരമായി മാറ്റിയാണ് രക്ഷിച്ചത്.
കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും വേണമെന്ന് താമസക്കാരോട് ദുബൈ പൊലീസ് ഹത്ത സെക്ടർ കമാൻഡർ ബ്രി. ഡോ. ഹസൻ സുഹൈൽ അൽ സുവൈദി ആവശ്യപ്പെട്ടു. മഴയിൽ താഴ്വാരങ്ങൾ, വാദികൾ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.