ഇതാണ് ജനമൈത്രി; കുടുംബവഴക്കുകൾ പരിഹരിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങളിലും തർക്കങ്ങളിലും മധ്യസ്ഥത പറഞ്ഞും ശ്രദ്ധനേടുകയാണ് ദുബൈ പൊലീസ്. കഴിഞ്ഞ വർഷം നഗരത്തിലെ ബർദുബൈ പൊലീസ് സ്റ്റേഷൻ അധികൃതർ 11,665 കുടുംബ, സാമ്പത്തിക പ്രശ്നങ്ങൾ സൗഹാർദപരമായി പരിഹരിച്ചതായി അധികൃതർ വെളിപ്പെടുത്തി. തർക്കങ്ങൾ കേസിലേക്കും കോടതിയിലേക്കും മറ്റും എത്തിക്കാതെ തന്നെ സംസാരിച്ച് പരിഹരിക്കുകയാണ് പൊലീസ് ചെയ്തത്.
‘അൽ സുൽഹുൽ ഖൈർ’ എന്ന അനുരഞ്ജന പദ്ധതിയുടെ ഭാഗമായാണ് തർക്കങ്ങൾ പരിഹരിച്ചത്. പൊലീസിൽ എത്തിച്ചേരുന്ന സാമ്പത്തിക തർക്കങ്ങളിലും കുടുംബ പ്രശ്നങ്ങളിലും ഇരു വിഭാഗങ്ങളുമായി സംസാരിച്ചാണ് പരിഹാരങ്ങളിലെത്തുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ പരിഹരിച്ചത്. ആദ്യ പകുതിയിൽ 8129ഉം രണ്ടാം പകുതിയിൽ 3536 തർക്കങ്ങളുമാണ് രമ്യമായി പറഞ്ഞുതീർത്തത്. ഈ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയത് ക്രിമിനൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നതിൽ കുറവു വരുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സൗഹാർദം നിലനിർത്തുന്നതിനൊപ്പം യു.എ.ഇയുടെ സഹിഷ്ണുതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണ് പൊലീസെന്ന് കണക്കുകൾ പുറത്തുവിട്ടുകൊണ്ട് ബർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല ഖാദിം സുറൂർ അൽ മഅ്സം പറഞ്ഞു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗുണകരമായ മാറ്റങ്ങൾ പദ്ധതി വഴി സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.
തർക്കങ്ങളിലുള്ള പണം ഉടമസ്ഥർക്ക് തിരിച്ചുകിട്ടാൻ നിരവധി കേസുകളിൽ സാധിച്ചു. അതുപോലെ മുറിഞ്ഞുപോകുമായിരുന്ന കുടുംബങ്ങളുടെ ഒരുമിക്കലിനും പദ്ധതി ഉപകരിച്ചിട്ടുണ്ട്. ഇതിലൂടെ സമൂഹത്തിന്റെ കെട്ടുറപ്പ് ഉറപ്പുവരുത്താനാണ് കഴിഞ്ഞത് -അദ്ദേഹം കൂട്ടിച്ചേർത്തു. ‘അൽ സുൽഹുൽ ഖൈർ’ എന്ന പേരിൽ അബൂദബിയിലും കുടുംബങ്ങളുടെ കെട്ടുറപ്പ് ഉറപ്പുവരുത്തുന്നതിന് ജുഡീഷ്യൽ വിഭാഗം പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗൈഡൻസ് ആൻഡ് കൗൺസലിങ് സെഷനുകൾ, ബോധവത്കരണ ക്ലാസുകൾ, പരിശീലന ശിൽപശാലകൾ എന്നിവ സംഘടിപ്പിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.