റോഡിൽ ഉപേക്ഷിച്ച വാഹനങ്ങൾ മാറ്റണമെന്ന് ദുബൈ പൊലീസ്
text_fieldsദുബൈ: കനത്ത മഴക്കിടെ റോഡുകളിലും തെരുവുകളിലും ഉപേക്ഷിച്ച വാഹനങ്ങൾ മാറ്റണമെന്ന് ദുബൈ പൊലീസ് ഉടമകളോട് ആവശ്യപ്പെട്ടു. എമിറേറ്റിലെ വിവിധ ഭാഗങ്ങളിലായി റോഡുകൾക്ക് സമീപത്തും മറ്റുമായി നിരവധി വാഹനങ്ങൾ മാറ്റാതെ കിടക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നിർദേശം.
ചൊവ്വാഴ്ച പെയ്ത മഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങിയിരുന്നു. പല വാഹനങ്ങളും വെള്ളം കയറി കേടുവന്നത് കാരണം ഉടമകൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മിക്ക വാഹനങ്ങളും മാറ്റിയിട്ടുണ്ട്. ഇനിയും ബാക്കിയുള്ള വാഹനങ്ങൾ മാറ്റാനാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ അതിവേഗം മാറ്റാനായി നിർദേശിച്ചിട്ടുള്ളത്.
ഷാർജ സ്കൂളുകളിൽ ഇന്നും വിദൂര പഠനം
ദുബൈയിൽ ആവശ്യമനുസരിച്ച് തീരുമാനിക്കാൻ നിർദേശം
ദുബൈ: ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് തിങ്കളാഴ്ച കൂടി വിദൂര പഠനത്തിന് നിർദേശം നൽകി അടിയന്തര ദുരന്ത നിവാരണ സമിതി. മഴക്കെടുതിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിന് തയാറെടുപ്പുകൾ ഉറപ്പുവരുത്തുന്നതിനാണ് നടപടി സ്വീകരിച്ചത്. ദുബൈ സ്വകാര്യ വിദ്യാഭ്യാസ വകുപ്പായ കെ.എച്ച്.ഡി.എ വിദ്യാർഥികളുടെ ആവശ്യമനുസരിച്ച് വിദൂര വിദ്യാഭ്യാസത്തിന് അനുമതി നൽകണമെന്ന് സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, നഴ്സറികൾ എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കും മറ്റും തടസ്സമുള്ള സ്ഥലങ്ങളിൽ വിവിധ സ്കൂളുകൾ തിങ്കളാഴ്ച വിദൂര പഠനത്തിലേക്ക് മാറും. എന്നാൽ, തടസ്സങ്ങളില്ലാത്ത സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ സ്കൂളുകളിലും എത്തിച്ചേരാൻ പ്രയാസമുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം ഏർപ്പെടുത്തും.
അസാധാരണമായ കാലാവസ്ഥക്കുശേഷം വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിക്കുന്നതിന് സ്കൂളുകളിലെ സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ടീം പറഞ്ഞു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പെയ്ത റെക്കോഡ് മഴയെ തുടർന്ന് ചൊവ്വാഴ്ച മുതൽ സ്കൂളുകളിലെല്ലാം വിദൂര പഠനമാണുള്ളത്. പല റോഡുകളും ബസ് ഗതാഗതത്തെയും മെട്രോ സർവിസുകളെയും ബാധിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.