അഞ്ചുവർഷത്തിനകം ദുബൈ പൊലീസ് 400 സ്മാർട് വാഹനങ്ങൾ നിരത്തിലിറക്കും
text_fieldsദുബൈ: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 400 സ്മാർട്ട് പട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കാനൊരുങ്ങി ദുബൈ പൊലീസ്. 196 ദശലക്ഷം ദിർഹം ചെലവുവരുന്ന പദ്ധതി ദുബൈയിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിലാണ് പ്രഖ്യാപിച്ചത്. ഗ്യാത് ടൂർസിന്‍റെ പുതുതലമുറ വാഹനമായിരിക്കും ഇത്. ഡബ്ല്യൂ മോട്ടോഴ്സുമായി ചേർന്നാണ് വാഹനം പുറത്തിറക്കുന്നതെന്ന് ദുബൈ പൊലീസ് മേധാവി അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. കമ്പനി പൂർണമായും യു.എ.ഇയിൽ തന്നെ നിർമിച്ച ആദ്യ കാറാണിത്. എമർജൻസി ലൈറ്റിങ്, മെറ്റൽ വീൽ, ഏതു വശത്തേക്കും തിരിയുന്ന കാമറ, പുറംഭാഗം വീക്ഷിക്കാൻ എട്ട് കാമറ, സെൻസർ, മുഖവും കാർ നമ്പറും തിരിച്ചറിയാനുള്ള സംവിധാനം തുടങ്ങിയവ പ്രത്യേകതയാണ്.
ദുബൈ പൊലീസും ഡബ്ല്യു മോട്ടോഴ്‌സും സഹകരിച്ച് വികസിപ്പിച്ച മൊബൈൽ സുരക്ഷ സൊലൂഷൻ പ്രോഗ്രാമിന്‍റെ ഭാഗമായാണ് വാഹനങ്ങൾ ഇറക്കുന്നത്. കൂടുതൽ ആധുനിക വാഹനങ്ങൾ, ഡ്രോൺ, ഇലക്ട്രിക് ബൈക്കുകൾ എന്നിവയും സഹകരണ ഭാഗമായി നിരത്തിലിറക്കും. ആദ്യ പത്തു കാറുകൾ ദുബൈ പൊലീസിന് ലഭ്യമായിട്ടുണ്ട്. ഡബ്ല്യൂ മോട്ടോഴ്സും സേഫ് സിറ്റി ഗ്രൂപ്പും സംയുക്തമായി വമ്പൻ ഫാക്ടറി ദുബൈ സിലിക്കൺ ഒയാസീസിൽ തുറക്കുന്നുണ്ട്. സുരക്ഷ വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ നിർമിക്കും. 20 ദശലക്ഷം ദിർഹമാണ് ഫാക്ടറി നിർമാണത്തിന് മാത്രമുള്ള ചെലവ്.
അതേസമയം, അഞ്ചുദിവസമായി നടന്ന ലോക പൊലീസ് ഉച്ചകോടി വ്യാഴാഴ്ച സമാപിക്കും. നിരവധി നൂതന പ്രദർശനങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമാണ് ഉച്ചകോടി വേദിയായത്. 250ഓളം പ്രഭാഷകർ പങ്കെടുത്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പൊലീസ് മേധാവികളും ഉച്ചകോടിക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.