സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം
text_fieldsദുബൈ: സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയുന്നതിന് ആഗോള ഡിജിറ്റൽ പേമെന്റ് സംവിധാനമായ ‘വിസ’യുമായി കൈകോർത്ത് ദുബൈ പൊലീസ്. തട്ടിപ്പുകൾ പിടികൂടുന്നതിനും തടയുന്നതിനും യോജിച്ചുനീങ്ങുന്നതിന് പൊലീസുമായി സഹകരണ ധാരണപത്രം ഒപ്പുവെച്ചു. ഇരുസ്ഥാപനങ്ങളുടെ ദീർഘകാലത്തെ ബന്ധം ശക്തിപ്പെടുത്തുന്നതു കൂടിയാണ് കരാർ.
കരാറനുസരിച്ച് ദുബൈ പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓപറേഷൻ സെന്റർ ഫോർ ഇക്കണോമിക് ക്രൈംസ് എന്ന സംവിധാനവുമായി ‘വിസ’ സഹകരിക്കും. സാമ്പത്തിക തട്ടിപ്പുകളിൽനിന്ന് താമസക്കാരെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിന് ഏറ്റവും നൂതന സംവിധാനങ്ങൾ രൂപപ്പെടുത്തി പ്രവർത്തിക്കുന്ന സംരംഭമാണ് ഓപറേഷൻ സെന്റർ ഫോർ ഇക്കണോമിക് ക്രൈംസ്.
ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും ‘വിസ’ റീജനൽ റിസ്ക് ഓഫിസർ ചാൾസ് ലോബോയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് വിവരങ്ങൾ പരസ്പരം കൈമാറാനും തട്ടിപ്പുകൾ തടയുന്നതിന് യോജിച്ച് പ്രവർത്തിക്കാനും സഹായിക്കുന്നതാണ് കരാറെന്ന് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് ദുബൈ പ്രത്യേക ശ്രദ്ധയാണ് നൽകുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ ലോകത്തിന് മാതൃകയാകാൻ എമിറേറ്റിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവഴി നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ അംഗീകാരവും അഭിനന്ദനവും ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഉപഭോക്താക്കളെ കെണിയിൽപെടുത്താൻ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് ‘വിസ’ സീനിയർ വൈസ് പ്രസിഡൻറും ജി.സി.സി തല ഗ്രൂപ് കൺട്രി മാനേജറുമായ ഡോ. സഈദ ജാഫർ പറഞ്ഞു. യു.എ.ഇയിലെ 61ശതമാനം ഉപഭോക്താക്കൾ തട്ടിപ്പുകാരിൽ നിന്ന് സുരക്ഷിതരാണെന്ന് അവകാശപ്പെടുമ്പോഴും, അവരിൽ 90ശതമാനം പേരും തട്ടിപ്പ് മുന്നറിയിപ്പുകൾ അവഗണിക്കാൻ സാധ്യതയുണ്ടെന്ന് അടുത്തകാലത്ത് നടന്ന പഠനം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, 77ശതമാനം ഉപഭോക്താക്കളും തട്ടിപ്പ് സന്ദേശങ്ങളോട് പ്രതികരിക്കാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ ഓപറേഷൻ സെന്റർ ഫോർ ഇക്കണോമിക് ക്രൈംസ് എന്ന സംവിധാനം വളരെ സുപ്രധാനമായൊരു ചുവടുവെപ്പാണ് -അവർ കൂട്ടിച്ചേർത്തു. കരാറനുസരിച്ച് ദുബൈ പൊലീസിന് ‘വിസ’ വിവരങ്ങൾ കൈമാറുന്നതിന് പുറമെ, പേമെന്റ് സെക്യൂരിറ്റി, സാമ്പത്തിക കുറ്റകൃത്യം എന്നിവ സംബന്ധിച്ച് വർക്ഷോപ്പുകൾ ഒരുക്കുകയും ചെയ്യും. നേരത്തേ ദുബൈ പൊലീസ് സംഘടിപ്പിച്ച സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ കാമ്പയിനുകളിൽ ‘വിസ’ സഹകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.