കാറപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: ഹത്ത ലഹ്ബാബിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലും വീടുകളിലും സന്ദർശിച്ച് ദുബൈ പൊലീസ് സംഘം.
ആക്ടിങ് കമാൻഡർ ഇൻ ചീഫ് എക്സ്പേർട്ട് മേജർ ജനറൽ എക്സ്പേർട്ട് ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നിർദേശം അനുസരിച്ച് ലഹ്ബാബ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ റാശിദ് മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിനിധികളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശനം നടത്തിയത്.
ഡെപ്യൂട്ടി ലഫ്റ്റനന്റ് കേണൽ മുഹമ്മദ് സഖർ അൽ അമീറി, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ വിക്ടിങ് സപോർട്ട് ടീം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അൽ ജാലില, റാഷിദ് ആശുപത്രികളിലാണ് പരിക്കേറ്റ ഭൂരിഭാഗം വിദ്യാർഥികളും ചികിത്സയിൽ കഴിയുന്നത്.
കുറച്ച് വിദ്യാർഥികൾ വീടുകളിലേക്ക് മാറിയിട്ടുണ്ട്. സന്ദർശനത്തിനിടെ കുട്ടികളുടെ ആരോഗ്യ സ്ഥിതികൾ ചോദിച്ചറിഞ്ഞ ലഫ്റ്റനന്റ് കേണൽ റാശിദ് സലിം പരിക്കേറ്റ മുഴുവൻ വിദ്യാർഥികളും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. കുട്ടികൾക്ക് പൂക്കൾ സമ്മാനമായി നൽകുകയും ചെയ്തു. എമിറേറ്റിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായുള്ള സാമൂഹികമായ ആശയ വിനിമയങ്ങൾ
ശക്തിപ്പെടുത്തുകയെന്നതാണ് ഇത്തരം സന്ദർശനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ സുരക്ഷ എന്ന സംരംഭത്തോട് ചേർന്നുനിൽക്കുന്നതാണ് സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹത്തയിലുണ്ടായ വാഹനാപകടത്തിൽ 11 കുട്ടികൾക്ക് പരിക്കേൽക്കുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.