പട്രോളിങ്ങിന് ഡ്രൈവറില്ലാ വാഹനവുമായി ദുബൈ പൊലീസ്
text_fieldsദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളുടെ മേഖലയിൽ അതിവേഗം മുന്നേറുന്ന ദുബൈയിൽ പൊലീസിന്റെ സുരക്ഷാ പട്രോളിങ്ങിനും ഇത്തരം വാഹനങ്ങൾ വരുന്നു. ജൈടെക്സ് വേദിയിലാണ് അതിനൂതനമായ സംവിധാനങ്ങളുള്ള വാഹനം പൊലീസ് പരിചയപ്പെടുത്തിയത്. നഗരത്തിലെ റസിഡൻഷ്യൽ ഏരിയകളിൽ സുരക്ഷ നിരീക്ഷണത്തിന് ഉപയോഗിക്കാനാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. പൂർണമായും ഇലക്ട്രിക്കായ വാഹനം 15 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കും. മണിക്കൂറിൽ ഏഴുകി. മീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതായിരിക്കുമിത്.
ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഭരണകാര്യ വിഭാഗമാണ് മേളയിലെ സന്ദർശകർക്കുമുന്നിൽ നവീനമായ വാഹനം പരിചയപ്പെടുത്തിയത്. താമസകേന്ദ്രങ്ങളിൽ ഉപയോഗിക്കാനായി രൂപകൽപന ചെയ്ത വാഹനത്തിൽ 360 ഡിഗ്രി നിരീക്ഷണ സംവിധാനമുള്ള കാമറകളുണ്ട്. കുറ്റകൃത്യങ്ങൾ തിരിച്ചറിയാനും പ്രതികളുടെ മുഖവും വാഹനങ്ങളുടെ നമ്പറുകളും പകർത്തിയെടുക്കാനും വാഹനത്തിന് സാധിക്കും. നിർമിത ബുദ്ധിയടക്കം നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുമായി ആശയ വിനിമയത്തിനുള്ള സംവിധാനവും വാഹനത്തിലുണ്ടാകും. പട്രോളിങ് കാര്യക്ഷമമാക്കുന്നതിന് ഡ്രോണുകളും ഏർപ്പെടുത്തുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഭരണകാര്യ വിഭാഗത്തിലെ ലഫ്. റാശിദ് ബിൻ ഹൈദർ പറഞ്ഞു. ഇതുവഴി വാഹനത്തിന് എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളിലും നിരീക്ഷണം സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജൈടെക്സിൽ ആഡംബര സമുദ്രതല നിരീക്ഷണ വാഹനവും പൊലീസ് പരിചയപ്പെടുത്തുന്നുണ്ട്. സ്പോർട്സ് കാർ രൂപത്തിലുള്ള ഈ വാഹനം കടലിൽ അപകടങ്ങളും മറ്റുമുണ്ടാകുമ്പോൾ അതിവേഗം എത്തിച്ചേർന്ന് രക്ഷാപ്രവർത്തനത്തിന് ഉപകരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.